video: സ്‌കൂട്ടറില്‍ ഓവർടേക്ക് ചെയ്യാൻ ശ്രമം, ബസിനും ടിപ്പർ ലോറിക്കുമിടയിൽപെട്ട പെൺകുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുകരമായി - ട്രാഫിക് നിയമങ്ങൾ
കോഴിക്കോട്:സ്വകാര്യ ബസിനും ടിപ്പർ ലോറിക്കുമിടയിൽപെട്ട രണ്ട് പെൺകുട്ടികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു. സ്‌കൂട്ടറിൽ സഞ്ചരിക്കവെ മാവൂരിൽ വച്ചാണ് അപകടം നടന്നത്. അരീക്കോട് നിന്ന് വരുന്ന ബസ്സിൽ കയറാൻ വേണ്ടി ബസ്സിൻ്റെ പിന്നിൽ സ്‌കൂട്ടറിൽ വരികയായിരുന്നു പെൺകുട്ടികൾ. എന്നാൽ ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് എതിരെ വന്ന ടിപ്പറിനിടയിൽ കുടുങ്ങിയത്.
ടിപ്പറില്‍ തട്ടി റോഡിൽ വീണ് ഹെൽമെറ്റ് തെറിച്ച് പോയെങ്കിലും നിസാര പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടു. ബസിൻ്റെ കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അടുത്തിടെയാണ് കൊയിലാണ്ടി ബസ് സ്‌റ്റാൻഡിന് സമീപത്ത് വച്ച് ബസുകളുടെ മരണപ്പാച്ചിലിനിടയിൽ നിന്ന് യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ട്രാഫിക് നിയമങ്ങൾ ലംഘിച്ച സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.
ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ചുവെന്ന കുറ്റത്തിനായിരുന്നു ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങി യാത്രക്കാരി ബസ് സ്‌റ്റാൻഡിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസ് എത്തിയത്. ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന യാത്രക്കാരി രണ്ടാമത്തെ ബസിനിടയിൽ കുടുങ്ങാതെ രക്ഷപ്പെടുന്നത് പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു.