VIDEO| വാതില്‍പടിക്ക് സമീപം നിലയുറപ്പിച്ച് പാമ്പ്, പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - ബെലഗാവി
ബെലഗാവി (കര്‍ണാടക):അത്‌ഭുതകരമായ രക്ഷപ്പെടലുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ചിലപ്പോഴെല്ലാം അപകടങ്ങള്‍ നേരില്‍കണ്ട് ഒഴിഞ്ഞുമാറിയും മറ്റു ചിലയിടങ്ങളില്‍ ഭാഗ്യം തുണച്ചതോടെയുമാവും ജീവഹാനി വരെ സംഭവിക്കാവുന്ന അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടലുകള്‍ സംഭവിക്കാറുള്ളത്. ബെലഗാവിയില്‍ പാമ്പുകടിയിൽനിന്ന് പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്നതും ഇത്തരത്തില്‍ ഒന്നാണ്.
ബെലഗാവി താലൂക്കിലെ ഹലാഗ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. വാതിലിനു സമീപം നിലയുറപ്പിച്ചിരുന്ന പാമ്പിനെ കാണാതെ പെൺകുട്ടി വീടിനകത്തേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി സമീപത്തെത്തിയതോടെ പാമ്പ് പത്തി വിടര്‍ത്തി. ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടിനകത്തുണ്ടായിരുന്നവര്‍ ഉമ്മറപ്പടിക്ക് താഴെയായി പാമ്പുണ്ടെന്ന് പെൺകുട്ടിയെ അറിയിച്ചു.
ഇത് കേട്ടപാടെ തിരിഞ്ഞുനോക്കിയ പെണ്‍കുട്ടി പാമ്പിനെ കണ്ടതോടു കൂടി ശരവേഗത്തില്‍ വീടിനകത്തേക്ക് കുതിച്ചു. ഈ ഒരു സെക്കന്‍റിന്‍റെ പിന്‍ബലത്തിലാണ് കുട്ടി പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെടുന്നത്. ഹലാഗയിൽ താമസിക്കുന്ന സുഹാസ് സൈബന്നവാറിന്‍റെ വീട്ടില്‍ അരങ്ങേറിയ സംഭവം സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ വൈകാതെ തന്നെ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു.