കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ തീ ആളിപ്പടർന്നു; കർണാടകയിൽ യുവതിക്ക് ദാരുണാന്ത്യം - തീ ആളിപ്പടർന്ന് കർണാടകയിൽ യുവതിക്ക് ദാരുണാന്ത്യം
തുമകുർ:കർണാടകയിലെ തുമകൂരിൽ കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ യുവതിക്ക് ദാരുണാന്ത്യം. പെട്രോൾ പമ്പിൽ പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭവ്യ (18)യാണ് മരിച്ചത്. ഭവ്യയുടെ അമ്മ ഷിറ താലൂക്കിലെ ജവനഹള്ളി സ്വദേശി രത്‌നമ്മക്ക് (46) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ഞായറാഴ്‌ച വൈകിട്ട് 4.15ന് മധുഗിരി താലൂക്കിലെ ബദവനഹള്ളി വില്ലേജ് പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇരുചക്രവാഹനത്തിൽ വച്ചിരുന്ന കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ ആകസ്‌മികമായി തീ പടരുകയായിരുന്നു. ഭവ്യയായിരുന്നു വാഹനത്തിൽ ഇരുന്നിരുന്നത്. എന്നാൽ എങ്ങനെയാണ് തീ പിടിച്ചതെന്നതിൽ വ്യക്തതയില്ല.
തീ ആളിക്കത്തിയതോടെ ഭവ്യയുടെ വസ്‌ത്രത്തിൽ തീ ആളി പടരുകയായിരുന്നു. സമീപത്ത് നിന്നിരുന്ന അമ്മയുടെ ശരീരത്തിലേക്കും തൽക്ഷണം തീ പടർന്നു പിടിച്ചു. ഇരുചക്രവാഹനത്തിലും പെട്രോൾ ക്യാനിലും ഫ്യൂവൽ ഹോസിലും തീ ആളി പടർന്നു. അപകടത്തെ തുടർന്ന് ഭവ്യയേയും അമ്മയേയും നാട്ടുകാർ ഉടൻ തന്നെ ഷിറ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും തുടർ ചികിത്സയ്ക്കായി ബെംഗളൂരിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
എന്നാൽ ചികിത്സയ്ക്കിടെ ഭവ്യ മരിക്കുകയായിരുന്നു. പരിക്കേറ്റ അമ്മ രത്നമ്മ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബദവനഹള്ളി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തീപിടിത്തത്തിന്‍റെ ദൃശ്യം പെട്രോള്‍ ബങ്കിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.