ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസൂരി ഒരു ഗ്രാമത്തെ മുഴുവന്‍ ഇരുട്ടിലാക്കിയ പ്രണയകഥ ! - പട്‌ന
പട്‌ന:ബിഹാറിലെ ഒരു ഗ്രാമം, അവിടെ കുറച്ചുനാളുകളായി രാത്രിയില്‍ വൈദ്യുതി മുടങ്ങാറുണ്ട്. ആദ്യമൊന്നും പ്രദേശവാസികള്‍ക്ക് അതില്‍ യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. എന്നാല്‍, ഇത് പതിവായതോടെ നാട്ടുകാര്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുത്തു. അവര്‍ ഈ പ്രശ്‌നത്തിന്‍റെ കാരണം കണ്ടുപിടിക്കാനായി പുറപ്പെട്ടിറങ്ങി. അങ്ങനെ നാട്ടുകാരുടെ ആ അന്വേഷണം ചെന്നെത്തിയത് ഒരു രസകരമായ പ്രണയകഥയിലാണ്.ഗ്രാമവാസിയായ ഒരു പെണ്‍കുട്ടി, തന്‍റെ ആണ്‍സുഹൃത്തുമായി അടുപ്പത്തിലായിരുന്നു. അവര്‍ക്ക് കണ്ടുമുട്ടാന്‍ പലപ്പോഴും തടസമായി നിന്നത് ഗ്രാമത്തിലെ വൈദ്യുതി വിതരണമായിരുന്നു. അങ്ങനെയിരിക്കെയാണ്, ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്താന്‍ ആ പെണ്‍കുട്ടി തന്നെ തുനിഞ്ഞിറങ്ങിയത്. ഇവരുടെ കൂടിക്കാഴ്‌ചയ്‌ക്ക് മുന്‍പ് ഗ്രാമത്തിലെ പ്രധാന ട്രാന്‍സ്‌ഫോര്‍മറിന്‍റെ ഫ്യൂസ് ഊരുകയെന്നതായിരുന്നു പെണ്‍കുട്ടിയുടെ പദ്ധതി. ഗ്രാമത്തെ ഇരുട്ടിലാക്കിയ ശേഷമായിരുന്നു ഇവരുടെ കൂടിക്കാഴ്‌ച. പവര്‍കട്ടിന്‍റെ കാരണം തേടിപ്പോയ പ്രദേശവാസികള്‍ ഇരുവരെയും കണ്ടെത്തി. തുടര്‍ന്ന് ഗ്രാമവാസികള്‍ ഇവരെ മര്‍ദിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്‌തു. വൈദ്യുതി തടസമുണ്ടാകുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ മോഷണങ്ങള്‍ കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ പരാതി നല്‍കിയത്. ബിഹാറിലെ നൗതന്‍ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട പരാതിയെത്തിയത്. സംഭവത്തില്‍ പൊലീസ് ഇടപെട്ടു. ഇതോടെ പെണ്‍കുട്ടിയുടെയും സുഹൃത്തിന്‍റെയും വിവാഹം നടത്താന്‍ ഇരുവരുടെയും വീട്ടുകാര്‍ സമ്മതിച്ചു.