കേരളം

kerala

കൊടുങ്ങൂർ പൂരം

ETV Bharat / videos

പിടിയാന ചന്തം നിറഞ്ഞ് കൊടുങ്ങൂർ പൂരം: ഗജമേളയിൽ അണിനിരന്നത് 9 ആനകൾ - ഉത്സവം

By

Published : Apr 5, 2023, 12:30 PM IST

കോട്ടയം:പൂര പ്രേമികൾക്ക് ആവേശമായി പിടിയാന ചന്തം നിറഞ്ഞ കോട്ടയം കൊടുങ്ങൂർ പൂരം. ഒന്നും രണ്ടുമല്ല ക്ഷേത്ര ഉത്സവത്തോടനുബന്ധിച് നടന്ന ഗജമേളയിൽ ഒൻപത് പിടിയാനകളാണ് പങ്കെടുത്തത്. കേരളത്തിലെ ഉത്സവ ചരിത്രത്തിൽ അപൂർവമായാണ് പിടിയാനകളുടെ ഗജമേള നടക്കുന്നത്.

കൊടുങ്ങൂർ ക്ഷേത്രത്തിൽ ആദ്യമായാണ് മീന പൂരത്തോടനുബന്ധിച്ച് ഗജമേള നടത്തിയത്. എട്ടു ദേശങ്ങളിൽ നിന്നെത്തിയ വർണാഭമായ കാവടിക്ക് ശേഷമാണ് ഗജമേള ആരംഭിച്ചത്. അളവ് കൊണ്ടും അഴക് കൊണ്ടും പേര് കേട്ട ഒൻപത് പിടിയാനകളാണ് ഗജമേളയിൽ അണിനിരന്നത്. ഗജമേളയിൽ തോട്ടയ്ക്കാട് കുഞ്ഞു ലക്ഷ്‌മിയ്ക്ക് പ്രഥമ തൃക്കൊടുങ്ങൂർ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം ലഭിച്ചു. മികച്ച ലക്ഷണമൊത്ത ആനക്കാണ് ഇഭകുലസുന്ദരി പട്ടം ലഭിക്കുക.

ശൈലേഷ് വൈക്കത്തിന്‍റെ അവതരണ അകമ്പടിയിൽ കിഴക്കേ ഗോപുരനട കടന്നെത്തിയ ഗജ റാണിമാരെ ആർപ്പുവിളിയോടെയാണ് പുരുഷാരം സ്വീകരിച്ചത്. ഗജമേള കാത്തു നിന്ന നൂറുകണക്കിന് പൂരപ്രേമികളുടെ ഇടയിലൂടെയാണ് ഓരോ ആനകളും ഗജമേള നടക്കുന്ന മൈതാനത്തേക്ക് ഇറങ്ങിയത്. ആടയാഭരണങ്ങൾ ഇല്ലാതെ പിടിയാനകൾ പൂരത്തിന് നിരന്നത് കാഴ്‌ചക്കാർക്ക് നവ്യാനുഭവം പകർന്നു. ആന ചന്തം ആസ്വദിക്കാൻ നൂറുകണക്കിന് പൂരപ്രേമികളാണ് എത്തിയത്.

ശ്രീകുമാർ അരൂകുറ്റി, ശൈലേഷ് വൈക്കം, അഡ്വ രാജേഷ് പല്ലാട്ട് എന്നിവരടങ്ങുന്ന വിദഗ്‌ധ സംഘമാണ് തോട്ടയ്ക്കാട് കുഞ്ഞു ലക്ഷ്‌മിയെ പ്രഥമ തൃക്കൊടുങ്ങൂർ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം നൽകാൻ തെരഞ്ഞെടുത്തത്. തുടർന്ന് നടപ്പന്തലിൽ വച്ചു ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന നന്ദനൻ നമ്പൂതിരി പട്ടം കൈമാറി. 

ആറാട്ടിനു ദേവിയുടെ തിടമ്പ് ഏറ്റുന്നതിനുള്ള ആനയായി തോട്ടയ്ക്കാട് പാഞ്ചാലിയെ തെരഞ്ഞെടുത്തു. ഗജസുന്ദരി പ്ലാത്തോട്ടം ബീന വിധികർത്താക്കളുടെ പ്രത്യേക പരാമർശം നേടി. ഗജമേളയ്‌ക്ക് ശേഷം ആന ഊട്ടും നടന്നു. കേരളത്തിൽ ആദ്യമായാണ് ഇത്രയും അധികം പിടിയാനകൾ പങ്കെടുക്കുന്ന ഗജമേള നടന്നത്.

ABOUT THE AUTHOR

...view details