കോച്ചിങ്ങില്ല, ആറാം റാങ്ക് നേട്ടം സ്വന്തമായി പഠിച്ച്; അഭിമാനമായി ഗഹന നവ്യ ജെയിംസ് - സിവിൽ സർവീസിൽ ഗഹനക്ക് ആറാം റാങ്ക്
കോട്ടയം:സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കി നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം പാലാ സ്വദേശി ഗഹന നവ്യ ജെയിംസ്. പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാതെ സ്വന്തം പരിശ്രമത്തിലൂടെയാണ് സിവിൽ സർവീസ് എന്ന സ്വപ്‌നം ഗഹന യാഥാർഥ്യമാക്കിയത്.
ഇന്ന് പുറത്തുവന്ന സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസ് തന്നെയാണ് മലയാളികളിൽ ഒന്നാമത്. പാലാ സെന്‍റ് തോമസ് കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. അധ്യാപകന്‍ ജെയിംസ് തോമസിന്‍റെയും അധ്യാപികയായ ദീപ ജോർജിന്‍റെയും മകളാണ്.
അതേസമയം, സിവിൽ സർവീസ് പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടമാണ് മലയാളികൾ കൈവരിച്ചിട്ടുള്ളത്. വിഎം ആര്യ (36–ാം റാങ്ക്), അനൂപ് ദാസ് (38–ാം റാങ്ക്), എസ് ഗൗതം രാജ് (63–ാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റ് മലയാളികൾ. ഡൽഹി സർവകലാശാല ബിരുദധാരിയായ ഇഷിത കിഷോറിനാണ് ദേശീയ തലത്തിൽ ഒന്നാം റാങ്ക്.
ഗരിമ ലോഹ്യ, ഉമ ഹരതി എൻ, സ്‌മൃതി മിശ്ര എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും റാങ്കുകൾ നേടി. 2022ലെ സിവിൽ സർവീസ് പരീക്ഷയിൽ ആകെ 933 പേരാണ് വിവിധ വകുപ്പുകളിലായി യോഗ്യത നേടിയിട്ടുള്ളത്. ഇതിൽ 613 പുരുഷന്മാരും 320 സ്‌ത്രീകളുമാണ് യോഗ്യത നേടിയതെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അറിയിച്ചു.