Fuel Tanker Caught Fire: നെടുങ്കണ്ടത്ത് ഇന്ധന ടാങ്കറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക് - ഇടുക്കി ജില്ല വാര്‍ത്തകള്‍
Published : Sep 28, 2023, 8:31 AM IST
ഇടുക്കി :നെടുങ്കണ്ടത്ത് ഇന്ധനവുമായെത്തിയ ടാങ്കർ ലോറിയിൽ തീ പിടിച്ചു (Fuel Tanker Caught Fire). കല്ലാറില്‍ വച്ചാണ് വാഹനത്തിന്‍റെ മുന്‍ ചക്രങ്ങളില്‍ നിന്നും തീ പടരുന്നത് ശ്രദ്ധയിപ്പെട്ടത്. ഇന്നലെ (സെപ്‌റ്റംബര്‍ 27) വൈകിട്ടാണ് സംഭവം. എറണാകുളം അമ്പലമുകളിലെ പ്ലാന്‍റില്‍ നിന്നും നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. കല്ലാറിലൂടെ കടന്ന് വന്ന ടാങ്കര്‍ ലോറിയുടെ ചക്രത്തില്‍ നിന്നും തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനം തടയുകയും അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തിയ നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണച്ചു. കൃത്യ സമയത്തെ നാട്ടുകാരുടെ അഗ്‌നിശമന സേനയുടെ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവം സമയം 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളുമാണ് ടാങ്കറിലുണ്ടായിരുന്നത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി. ഇറക്കം ഇറങ്ങിയെത്തിയപ്പോള്‍ അമിതമായി ബ്രേക്ക് ഉപയോഗിച്ചതിനാല്‍ വാഹനം ചൂടായി തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ തിരുവനന്തപുരം വെള്ളയമ്പലത്തും ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചിരുന്നു. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമാന്‍ഡറുടെ കാറിനാണ് തീപിടിത്തമുണ്ടായത്. പൊലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു സംഭവം. കാറിന്‍റെ മുന്‍ വശത്ത് നിന്നും തീ പടര്‍ന്നതോടെ ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടു. വാഹനത്തിലെ ഏസിയുടെ ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമായത്. തീപിടിത്തത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും നശിച്ചു.