കൊല്ലത്ത് ജിയോളജിസ്‌റ്റെന്ന വ്യാജേനെ 5 ലക്ഷം തട്ടി: പഴുതടച്ച അന്വേഷണത്തിലൊടുവില്‍ പ്രതികള്‍ പിടിയില്‍ - fraudulence in Kollam
കൊല്ലം: ജിയോളജിസ്റ്റ് എന്ന വ്യാജേന കൊല്ലം ജില്ലയിലെ ക്വാറി ഉടമയിൽ നിന്നും അഞ്ച് ലക്ഷം തട്ടിയെടുത്ത പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആനാവൂർ സ്വദേശി രാഹുൽ പിആർ (31), കോഴിക്കോട് ചേലാവൂർ സ്വദേശിനി നീതു എസ് പോൾ (34) എന്നിവരാണ് പിടിയിലായത്. കൊല്ലം സിറ്റി സൈബർ പൊലീസിന്‍റെ അന്വേഷണത്തിലാണ് നടപടി.
തട്ടിപ്പ് നടത്തിയത് ഇങ്ങനെ:മറ്റൊരാളുടെ വിലാസത്തിൽ സംഘടിപ്പിച്ച സിം കാർഡും കൊല്ലം ജില്ല ജിയോളജിസ്‌റ്റിന്‍റെ ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വാട്‌സാപ്പ് വഴി സംസാരിച്ച് ക്വാറി ലൈസൻസ് പുതുക്കി നൽകാമെന്ന് വാഗ്‌ദാനം നൽകി. ശേഷം, പണം വാങ്ങാന്‍ രണ്ടാം പ്രതിയെ ഒന്നാം പ്രതി ഒരു ടാക്‌സിയിൽ കൊട്ടിയത്ത് എത്തിച്ചു. ശേഷം ഇവര്‍ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റി. പ്രതികൾ നിയമപരമായി വിവാഹിതരല്ലെങ്കിലും മൂന്ന് വർഷമായി ഒരുമിച്ചാണ് കഴിയുന്നത്.
പിന്നീട് ഈ ഫോൺ നമ്പരും, വാട്‌സാപ്പ് അക്കൗണ്ടും പ്രവർത്തനരഹിതമായതിനെ തുടർന്ന് യഥാർഥ ജിയോളജിസ്‌റ്റിന്‍റെ നമ്പറിൽ വിളിച്ച് ലൈസൻസ് പുതുക്കി നൽകുന്നതിനായി പണം കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് തട്ടിപ്പിനെക്കുറിച്ച് ബോധ്യപ്പെടുന്നത്. താൻ പണം കൈപ്പറ്റിയിട്ടില്ലെന്ന് ജിയോളജിസ്‌റ്റ് വിവരം അറിയിച്ചതോടെ ക്രഷർ ഉടമ പരാതിയുമായി കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ജിയോളജിസ്‌റ്റും പരാതി നൽകി.
ഒന്നാം പ്രതിയായ രാഹുൽ ബീമാപ്പള്ളിയിലുള്ള ഒരു കടയിൽ നിന്നുമാണ് സെക്കൻഡ് ഹാന്‍ഡ് ഫോൺ വാങ്ങിയത്. മെഡിക്കൽ കോളജ് പരിസരത്തുള്ള ഒരാളെ സമീപിച്ച് തന്‍റെ അമ്മ ആശുപത്രിയിലാണെന്നും ഫോൺ നഷ്‌ടപ്പെട്ടുവെന്നും പറഞ്ഞ് ഇയാളുടെ രേഖവച്ചാണ് സിം കാർഡ് എടുത്തത്. ഈ ഫോൺ നമ്പറിലെ കോൾ വിവരങ്ങളും പരാതിക്കാരനെ ബന്ധപ്പെടാൻ പ്രതികൾ ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശങ്ങളും ഐപി വിലാസങ്ങളും യാത്ര ചെയ്‌ത കാറും പിന്തുടർന്ന സൈബർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോഴിക്കോട് നിന്നും പ്രതികൾ പിടിയിലായത്.
സൈബർ പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ എ ജയകുമാർ, ഇൻസ്പെക്‌ടർ അബ്‌ദുൽ മനാഫ്, അസിസ്‌റ്റൻ്റ് ഇൻസ്പെക്‌ടർ ആജിത്ത് കുമാർ, അസിസ്‌റ്റന്‍റ് സബ് ഇൻസ്പെക്‌ടർ നിയാസ്, സീനിയർ സിപിഒ ഗായത്രി ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്.