'സോളാർ വിവാദത്തിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണം'; 5 കോടി കൈക്കൂലി ആരോപണം ഞെട്ടിക്കുന്നതെന്നും കെസി ജോസഫ് - സോളാർ വിവാദം സി ദിവാകരൻ വെളിപ്പെടുത്തൽ
കോട്ടയം: സോളാർ വിവാദത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ മന്ത്രി കെസി ജോസഫ്. സി ദിവാകരന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കെസി ജോസഫ് ആവശ്യമുന്നയിച്ചത്. സോളാർ കേസ് കെട്ടിച്ചമച്ചതാണെന്ന സംശയം നേരത്തെ തങ്ങൾക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കേസിലെ റിപ്പോർട്ട് എഴുതാൻ ജസ്റ്റിസ് ശിവരാജന് അഞ്ച് കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഈ ആരോപണം ജുഡീഷ്യല്‍ കമ്മിഷനുകളുടെ വിശ്വസ്‌തത ആശങ്കയിലേക്ക് നയിക്കുന്നതാണ്. കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കാൻ ജസ്റ്റിസ് ശിവരാജന് കൈക്കൂലി നൽകിയത് ആരാണെന്നും, ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെല്ലാം ഉണ്ടെന്ന സംശയം കേരള സമൂഹത്തിന് ഉണ്ടെന്നും കെസി ജോസഫ് വ്യക്തമാക്കി.
ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്‍റെ ഗുണഭോക്താക്കൾ ഇടതുപക്ഷ മുന്നണിയും പിണറായി വിജയനും ആണ്. കൈക്കൂലി ആരോപണം സംബന്ധിച്ച് നിഷ്‌പക്ഷമായ അന്വേഷണം നടത്തണം. സി ദിവാകരന്‍റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും എന്താണ് പറയാനുള്ളതെന്നും കെസി ജോസഫ് ചോദിച്ചു. ഉമ്മൻചാണ്ടിയുടെ നിരപരാധിത്വം എന്നും കേരളത്തിന് ബോധ്യമായ കാര്യമാണ്. ഉമ്മൻചാണ്ടിക്ക് ചതിക്കുഴി തീർത്തത് ആരെല്ലാമാണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.