കാട് കടത്തിയാലും ആരാധന മായുന്നില്ല ; അരിക്കൊമ്പന്‍റെ പേരില്‍ പൂപ്പാറയില്‍ ചായക്കട തുറന്ന് വനം വകുപ്പ് വാച്ചര്‍ - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
ഇടുക്കി : നാട് വിറപ്പിച്ചവനാണെങ്കിലും അരിക്കൊമ്പനോട് ആരാധനയുള്ള നിരവധി പേരുണ്ട് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍. വീടുകളും മറ്റും ആക്രമിക്കാതെ, അരിക്കൊമ്പന്‍, നാട്ടില്‍ വിഹരിക്കണമെന്ന് ആഗ്രഹിച്ചവര്‍ തന്നെയാണ് ഇവരില്‍ പലരും. എന്നാല്‍, നാട് കടത്തപ്പെട്ട കാട്ടാനയോടുള്ള ആരാധനയെത്തുടര്‍ന്ന് വനം വകുപ്പ് വാച്ചറായ രഘുവിന്‍റെ നേതൃത്വത്തില്‍ അരിക്കൊമ്പന്‍ ഫാന്‍സ് പൂപ്പാറയില്‍ ആരംഭിച്ച അരിക്കൊമ്പന്‍ ഫ്രണ്ട്‌സ് ടീ സ്‌റ്റാള്‍ എന്ന ചായക്കടയാണ് ഇപ്പോള്‍ ശ്രദ്ധേയാകര്‍ഷിക്കുന്നത്.
ഒന്‍പത് വര്‍ഷത്തോളമായി വനം വകുപ്പ് വാച്ചറായി ജോലി ചെയ്‌ത് വരികയാണ് രഘു. ഇക്കാലമത്രയും അരിക്കൊമ്പനെയും കാട്ടാനകളേയും നിരീക്ഷിച്ചതിലൂടെയാണ് ഒറ്റയാനോട് രഘുവിന് ആരാധന ഉണ്ടായത്. ഒറ്റയാനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതോടെ അവന്‍റെ ഓര്‍മ്മയ്ക്കായി ഒരു കട തുടങ്ങാന്‍ രഘുവും കൂട്ടുകാരും തീരുമാനിക്കുകയായിരുന്നു.
also read: രണ്ടാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം; ചാവക്കാട് തീരത്ത് ആശങ്കയും ഭീതിയും
ജീവ, പ്രദീപ്, അഭിലാഷ്, ബിജി, ബാബു, കാര്‍ത്തിക്, അനസ്, ബാലു എന്നിവരുടെ നേതൃത്വത്തിലാണ് പെട്ടിക്കട ആരംഭിച്ചത്. പൂപ്പാറ ഗാന്ധി നഗറില്‍ ദേശീയ പാതയോരത്തുള്ള, അരിക്കൊമ്പന്‍ കടയിലേയ്ക്ക് നിരവധി ഉപഭോക്താക്കളും എത്തുന്നുണ്ട്. ഭൂരിഭാഗം ആളുകളെയും കടയിലേയ്‌ക്ക് ആകര്‍ഷിക്കുന്നത് അരിക്കൊമ്പന്‍ എന്ന പേര് തന്നെയാണ് എന്നതാണ് സവിശേഷത.