അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തും; മോക് ഡ്രിൽ ഒഴിവാക്കും
ഇടുക്കി:അരിക്കൊമ്പന്‍റെ ദേഹത്ത് ഘടിപ്പിക്കാനുള്ള റേഡിയോ കോളർ, രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്ന പ്രതീക്ഷയില്‍ വനംവകുപ്പ്. റേഡിയോ കോളർ എത്തിയാൽ മോക് ഡ്രിൽ ഒഴിവാക്കി, ദൗത്യം വേഗത്തിൽ പൂർത്തിയാക്കാനാവുമെന്നാണ് വകുപ്പ് കണക്കുകൂട്ടുന്നത്. അതേസമയം, ഏതാനും ആഴ്‌ചകളായി ജനവാസ മേഖലയിൽ, നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊമ്പൻ, വലിയ ആശങ്കയാണ് ഉയർത്തുന്നത്.
അസമിൽ നിന്നുമാണ് സാറ്റലൈറ് റേഡിയോ കോളർ എത്തിക്കുന്നത്. അസം വനംവകുപ്പ് മേധാവിയുടെ അനുമതി ലഭിച്ചാൽ ഉടൻ വിമാനമാർഗം റേഡിയോ കോളർ കേരളത്തിൽ എത്തിക്കും. തുടർന്ന്, വേഗം ദൗത്യം പൂർത്തിയാക്കാനുള്ള നടപടി ആരംഭിക്കും. ഏതാനും ആഴ്‌ചകളായി, ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന സിമന്‍റ് പാലത്തിന് സമീപമേഖലകളിലാണ് അരിക്കൊമ്പൻ തമ്പടിച്ചിരിക്കുന്നത്. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും ഒപ്പമുണ്ട്.
വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചുമാറ്റുന്നതിന് വേണ്ടിയുള്ള ഉത്തരവിറങ്ങിയത് അശ്വാസ വാർത്തയാണെങ്കിലും മേഖലയിലെ അശങ്ക ഒഴിവായിട്ടില്ല. വിട് അക്രമിക്കുന്നതും പതിവ് സംഭവമായിരിക്കുകയാണ്. സൂര്യനെല്ലി ആദിവാസി കോളനിയിൽ ഏപ്രില്‍ 10ന് രാത്രിയിൽ വീട് തകർത്തു. വീടിന്‍റെ അടുക്കളയും മുൻവശവുമാണ് കാട്ടാന തകർത്തത്. കോളനി നിവാസിയായ ലീലയുടെ വീടാണ് ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു.
പറമ്പിക്കുളത്ത് ഉയരുന്ന ജനകീയ രോഷവും വെല്ലുവിളി ആവുമോ എന്ന ആശങ്കയുണ്ട്. മതികെട്ടാൻചോല വനമേഖലയിൽ നിന്നും കാട്ടാനകൾ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലയിലേക്ക് പതിവായി എത്താറുണ്ട്. ഇവയിൽ ഏറ്റവും അപകടകാരി അരിക്കൊമ്പനാണ്. മേഖലയിൽ അതിവിസ്‌തൃതമായ വനം ഇല്ലാത്തതും ആനകളുടെ എണ്ണം വർധിച്ചതുമാണ് പ്രശ്‌നം രൂക്ഷമാവാന്‍ കാരണം.