Forensic Examination Nitta Gelatin Company സ്ഫോടനം നടന്ന കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ ഫൊറൻസിക് പരിശോധന
Published : Sep 20, 2023, 12:27 PM IST
എറണാകുളം: നിറ്റ ജലാറ്റിൻ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ച സംഭവത്തിൽ ഫൊറൻസിക്ക് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി (Forensic Examination at Nitta Gelatin Company). ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ പൊട്ടിത്തെറിയുടെ യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ. ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 19) രാത്രി എട്ടര മണിയോടെയാണ് കാക്കനാടുള്ള നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ജീവനക്കാരായ ഇടപ്പള്ളി സ്വദേശി നജീബ് (43), തൃക്കാക്കര തോപ്പിൽ സ്വദേശി സനീഷ് (37), അസം സ്വദേശികളായ കൗശിക്, പങ്കജ് എന്നിവർക്കാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. ഫാക്‌ടറിയിൽ രാസവസ്‌തുക്കൾ സൂക്ഷിച്ച ഭാഗത്താണ് സ്‌ഫോടനം നടന്നത്. പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാങ്ങ് (30) ആണ് മരിച്ചത്. പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദ്ദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുകൾക്ക് വിട്ടുനൽകും. ഫയർഫോഴ്‌സ് എത്തിയാണ് സ്ഫോടനം നടന്ന ഭാഗത്തുണ്ടായ തീയണച്ചത്. വളരെ വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാലാണ് കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.