Food Inspection: ഗുണനിലവാരമില്ലെന്ന് ആക്ഷേപം; ട്രെയിൻ മാര്‍ഗം എത്തിച്ച മത്സ്യം പരിശോധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം
തൃശൂർ:റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ മാര്‍ഗം എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധിച്ചു. മത്സ്യത്തിന് വേണ്ടത്ര ഗുണനിലവാരമില്ലെന്ന് ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന. ബംഗാളിൽ നിന്ന് തൃശൂരിലെ ശക്തൻ മാർക്കറ്റിലേക്ക് വിൽപനയ്ക്കായി എത്തിച്ചതായിരുന്നു മത്സ്യം. എന്നാൽ പ്രാഥമിക പരിശോധനയിൽ മത്സ്യത്തിന് നിലവാരമില്ലെന്ന് കണ്ടെത്താനായില്ല.
സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. ഇതിനിടെ പരിശോധനയ്ക്ക് വിധേയമാകാതെ ലോഡ് കയറ്റി പോയ വാഹനം പൊലീസ് ഇടപെട്ട് തിരികെയെത്തിച്ച് പരിശോധന നടത്തി. 36 പെട്ടി മത്സ്യമാണ് ട്രെയിൻ മാര്‍ഗം തൃശൂരിലെത്തിച്ചത്. ഇതിൽ 21 പെട്ടിയിൽ ഉണക്ക മീനും ബാക്കി പെട്ടിയിൽ പച്ച മത്സ്യവുമായിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയത്തെ തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ക്വിന്‍റല്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടിയിരുന്നു. ജെഎന്‍ ഫിഷറീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 190 കിലോഗ്രാം പഴകിയ മത്സ്യം ഫുഡ് സേഫ്റ്റി വിഭാഗവും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി പിടികൂടിയത്.
ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്‌ത് കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതോടെ നടത്തിയ അടിയന്തര പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും കട ഉടമയുടെ പേരിൽ ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ച് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു.