സന്നിധാനം നിറഞ്ഞ് രാജേഷിന്‍റെ ഓടക്കുഴൽ നാദം ; മനം നിറഞ്ഞ് തീർത്ഥാടകർ - രാജേഷ് ചേർത്തല ശബരിമല
Published : Jan 6, 2024, 7:30 PM IST
പത്തനംതിട്ട : അയ്യന് വേണു ഗാനത്താൽ അർച്ചനയൊരുക്കി പ്രമുഖ പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല ( Flute player Rajesh Played flute sabarimala sannidhanam ) . അമ്പത് നാൾ നീണ്ട വ്രതശുദ്ധിയോടെ മലചവിട്ടിയ രാജേഷ് ചേർത്തല രാത്രിയോടെയാണ് സന്നിധാനത്തെത്തിയത്. അയ്യപ്പ ദർശനത്തിന് ശേഷം വലിയ നടപ്പന്തലിലെ മുഖ്യവേദിയിൽ അകമ്പടി വാദ്യങ്ങളേതുമില്ലാതെ ഏകനായി രാജേഷ് വേണുവൂതി. ഏറെ പ്രസിദ്ധമായ ആ ദിവ്യനാമം അയ്യപ്പാ എന്ന ഗാനത്തോടെയാണ് രാജേഷ് ഓടക്കുഴൽ വാദനം തുടങ്ങിയത്. കറുപ്പുടുത്ത് സ്വാമി വേഷത്തിലായിരുന്ന രാജേഷിനെ ആദ്യമാരും തിരിച്ചറിഞ്ഞില്ല. വേണുനാദം കേട്ടതോടെ വലിയ നടപ്പന്തലിൽ വിശ്രമത്തിലായിരുന്ന തീർത്ഥാടകർ വേദിക്ക് മുന്നിലേക്ക് പതിയെ നീങ്ങി. തുടർന്ന് ആനയിറങ്ങും മാമലയിൽ എന്ന ഗാനത്തിലേക്ക് മറ്റൊരു വേണു യാത്രയായിരുന്നു ! ഒടുവിൽ എൻ മനം പൊന്നമ്പലം എന്ന ഗാനത്തോടെ ഓടക്കുഴൽ വാദനം അവസാനിപ്പിച്ച രാജേഷ് ചേർത്തലയ്ക്ക് അയ്യപ്പ ഭക്തരുടെ നിലയ്ക്കാത്ത കരഘോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.