Flower Farming At Kollam പൂ കൃഷിയിൽ വിജയഗാഥ രചിച്ച് അച്ഛനും മകനും - onam
കൊല്ലം: അത്തം പിറന്നാല്‍ കേരളക്കരയാകെ ഓണ തിമിർപ്പിലാണ്. മുറ്റത്ത് പൂക്കളമൊരുക്കി മാവേലി തമ്പുരാനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ഭവനങ്ങളും. ഓണത്തിന്(Onam) പൂക്കളമിടാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികൾക്ക് നഗരമധ്യത്തിലെ പറമ്പിൽ തന്നെ ഒരു പൂങ്കാവനമൊരുക്കി മാതൃകയാവുകയാണ് ഒരച്ഛനും മകനും.
കൊല്ലം കോർപ്പറേഷൻ്റെ(Kollam Corporation) എട്ടാം ഡിവിഷനിൽ കൊല്ലം ബൈപ്പാസിന് സമീപം നീരാവിൽ 30 സെൻ്റ് സ്ഥലത്താണ് അച്ഛനും മകനും ചേർന്ന് നഗരവാസികൾക്ക് പൂക്കളമൊരുക്കാൻ പൂങ്കാവനം ഒരുക്കിയിരിക്കുന്നത്. ബൈപ്പാസ് റോഡിൽ നീരാവിൽ പാലത്തിന് സമീപം ശിവത്തിൽ 76 വയസ്സുള്ള വിശ്വനാഥൻ മകൻ 44 കാരനായ പ്രിൻസ് വിശ്വനാഥൻ എന്നിവരാണ് ആരുടെ കണ്ണിനും കുളിർമയേകുന്ന ഈ പൂക്കളുടെ ദൃശ്യവിരുന്ന് ഒരുക്കിയത്.
ഓണത്തപ്പനെ വരവേൽക്കാൻ നിറപുഞ്ചിരിയോടെ തലയുയർത്തി നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളാണ് ഇവരുടെ പ്രധാന കൃഷി. എട്ട് വർഷം ഗൾഫിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ പിന്നീട് എന്ത് ജോലി ചെയ്യാൻ പറ്റുമെന്ന് പ്രിൻസ് ചിന്തിച്ചില്ല. കാരണം തൻ്റെ മനസ്സിനുള്ളിൽ ഒരു കർഷകനുണ്ടെന്ന് പ്രിൻസ് നേരത്തെ മനസിലാക്കിയിരുന്നു. അങ്ങനെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വീട്ടിലെത്തിയ പ്രിൻസ് തൂമ്പയുമായി മുറ്റത്തേക്ക് ഇറങ്ങി.
എന്നാൽ സ്വന്തമായി ഏഴ് സെൻ്റ് ഭൂമിയും അതിൽ ഒരു വീടുകൂടി വച്ചപ്പോൾ സ്ഥലം പരിമിതപ്പെട്ടു. പിന്നീട് സമീപത്ത് കാട് മൂടിയ പറമ്പുകളുടെ ഉടമസ്ഥരെ കണ്ട് പറമ്പ് വൃത്തിയാക്കി കൃഷി ചെയ്തോട്ടെയെന്ന് ഒരു ചോദ്യം. ചെയ്തോ എന്ന മറുപടിയും വന്നു. അങ്ങനെ അവർ കൃഷി ചെയ്യാനായി പറമ്പ് വിട്ട് കൊടുത്തു. തരിശയായി കാടുകയറിയ ഭൂമി അച്ഛൻ്റെയും മകൻ്റെയും കഠിനമായ അധ്വാനത്തിലൂടെ വിവിധയിനം പച്ചക്കറികൾക്കൊണ്ട് വിളഞ്ഞു നിന്നു.
മൂന്ന് വർഷം കൊണ്ട് സമീപത്തെ കാടുകയറിയ പറമ്പുകൾ ഈ അച്ഛനും മകനും കൃഷിയോഗ്യമായ മണ്ണാക്കി മാറ്റി. ഇപ്പോൾ രണ്ട് വർഷമായി ഓണത്തിനുള്ള പൂക്കൾ കൃഷി ചെയ്യുകയാണ് ഇവിടെ. ചെണ്ടുമല്ലി പൂകൃഷിക്ക് നാട്ടിൽ ആവശ്യക്കാരും ഏറെയാണ്. ആവശ്യക്കാർക്ക് പൂക്കൾ നൽകിയ ശേഷം ശേഷിക്കുന്ന പൂക്കൾ പൂക്കച്ചവടക്കാർക്ക് നൽകും. ഒരു ചെടിയിൽ 30 പൂക്കളോളം ലഭിക്കും.
സാധാരണ ദിവസങ്ങളിൽ കിലോയ്ക്ക് 70 രൂപ മുതൽ 80 രൂപ വരെയും വിശേഷ ദിവസങ്ങളിൽ കിലോയ്ക്ക് 200 രൂപ വരെയും ലഭിക്കും. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രതികൂല സാഹചര്യവും അതിജീവിച്ചാണ് ഈ അച്ഛനും മകനും ചെണ്ടുമല്ലി പൂക്കളിൽ വിജയഗാഥ രചിച്ചിരിക്കുന്നത്.
കൃഷി പരിപാലനത്തിന് അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും സഹായം പ്രിൻസ് വിശ്വനാഥന് ലഭിച്ചതോടെയാണ് നൂറ് മേനി കൊയ്യാൻ കഴിഞ്ഞത്. സാമ്പത്തിക ലാഭം മാത്രം നോക്കാതെ കിട്ടുന്ന സമയം കൊണ്ട് കൃഷി ആസ്വദിച്ച് ചെയ്യുകയാണ് ഈ 44 കാരൻ.
also ready:Onam 2023 Flower Market Kerala പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും; സജീവമായി പൂവിപണിയും