ശ്രീരാമ നവമി ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ തീപിടിത്തം; വന്‍ നാശനഷ്‌ടം
അമരാവതി: ശ്രീരാമ നവമി ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ദുവ ഗ്രാമത്തിലെ വേണുഗോപാല സ്വാമി ക്ഷേത്രത്തിലാണ് സംഭവം. രണ്ടു ലക്ഷത്തിലധികം രൂപയുടെ നാശനഷ്‌ടങ്ങളുണ്ടായി. ആളപായമില്ല.
ഇന്ന് രാവിലെയോടെയാണ് സംഭവം. ക്ഷേത്രത്തിൽ ശ്രീരാമ നവമി ആഘോഷങ്ങൾ നടക്കുന്നതിനിടെ വെട്ടിക്കെട്ട് നടത്തിയിരുന്നു. എന്നാല്‍ വെട്ടിക്കെട്ടിനിടെ ഭക്തജനങ്ങള്‍ക്ക് ഇരിക്കാനായി ഒരുക്കിയിരുന്ന പന്തലിലേക്ക് തീപടരുകയായിരുന്നു. പന്തല്‍ പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരും ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
ശ്രീരാമനവമി ആഘോഷവും ഐതിഹ്യവും:ശ്രീരാമ ജയന്തിയാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യയിലാണ് ഇത് കൂടുതലായി ആഘോഷിക്കുന്നത്. ഒന്‍പത് ദിവസങ്ങളിലായാണ് ആഘോഷം നടക്കുക.
പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. ഈ നാളിലാണ് ശ്രീരാമനവമി ആഘോഷിക്കുന്നത്. ശ്രീരാമന്‍ സീത ദേവിയെ വിവാഹം കഴിച്ചതും ഈ നാളില്‍ തന്നെയാണെന്നാണ് വിശ്വാസം. ശ്രീരാമ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ആഘോഷമാണ് ശ്രീരാമനവമി.
ഈ ദിനത്തില്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പഞ്ചാമൃതം അഭിഷേകം ചെയ്യും. ക്ഷേത്രത്തില്‍ രാമായണ പാരായണവും പ്രഭാഷണങ്ങളും നടക്കും. ഈ ദിനത്തില്‍ വ്രതം അനുഷ്‌ഠിച്ച് രാമനാമം ജപിക്കുന്നതിലൂടെ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.