കുന്നംകുളത്ത് വസ്ത്രശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയം, പുക ശ്വസിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം - fire accident in kalyan silks kunnamkulam
തൃശൂര്‍: കുന്നംകുളത്ത് വസ്ത്രശാലയില്‍ വന്‍ തീപിടിത്തം. നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന കല്യാണ്‍ സിൽക്‌സിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നതോടെയാണ് തീപ്പിടുത്തമുണ്ടായ കാര്യം നാട്ടുകാർ അറിയുന്നത്.
മുകളില്‍ നിന്നും പുക ഉയര്‍ന്നതോടെ മുകളിലെ നിലയിലാണ് തീപിടിത്തമെന്നാണ് ആദ്യം കരുതിയത്. പിന്നാലെ കുന്നംകുളം ഫയര്‍ ഫോഴ്സെത്തി താഴത്തെ ഷട്ടറിന്‍റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്മെന്‍റ് ഫ്ലോറിൽ നിന്നാണ് തീ പടർന്നിട്ടുള്ളതെന്ന് വ്യക്തമായത്. ഇതോടെ കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, തൃശൂർ എന്നിവിടങ്ങളിൽ വിവരം അറിയിച്ചു.
ഇവിടങ്ങളില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. തൃശൂര്‍ ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്ക്കറും സ്ഥലത്തെത്തിയിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രക്ഷ പ്രവർത്തനത്തിനിടയിൽ പുക ശ്വസിച്ച് ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി. കുന്നംകുളം യൂണിറ്റിലെ ഫയർമാൻ സജിത്ത് മോനാണ് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സജിത്തിനെ ഉടൻ തന്നെ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അതേസമയം തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വിശദ പരിശോധനകള്‍ക്ക് ശേഷമേ കാരണം വ്യക്തമാകൂ.