കാറ്റാടി യന്ത്രം കാരണം അസൗകര്യം ; ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി അച്ഛനും മക്കളും - suicide idukki
ഇടുക്കി: വീടിന് സമീപത്തെ കാറ്റാടി യന്ത്രത്തിൻ്റെ പ്രവർത്തനം നിർത്തി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ഗൃഹനാഥനും രണ്ടുമക്കളും ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇടുക്കി നെടുങ്കണ്ടം അണക്കരമേട്ടിലാണ് സംഭവം. ഒന്നര മണിക്കൂറോളമാണ് ഇവർ ടവറിന് മുകളിൽ ഇരുന്ന് പരിഭ്രാന്തി സൃഷ്‌ടിച്ചത്.
അണക്കര മെട്ടിൽ പാറവിളയിൽ മണിക്കുട്ടന്‍ മക്കളായ സിദ്ധാർഥ്, സിധാന്ത് എന്നിവരാണ് പ്രവർത്തിച്ചുകൊണ്ടിരുന്ന കാറ്റാടി ടവറിൽ കയറി പരിഭ്രാന്തി സൃഷ്‌ടിച്ചത്. കാറ്റാടിയന്ത്രം സ്ഥാപിച്ചതോടെ തങ്ങൾക്ക് വീട്ടിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമാണന്നും യന്ത്രത്തിൻ്റെ പ്രവർത്തനം പൂർണമായും നിർത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഇവരുടെ വീടിൻ്റെ 25 മീറ്റർ അടുത്താണ് സ്വകാര്യ കമ്പനിയുടെ കാറ്റാടിയന്ത്രം സ്ഥിതി ചെയ്യുന്നത്. നിർമാണ വേളയിൽ തന്നെ പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കാറ്റാടിയന്ത്രം പ്രവർത്തനം ആരംഭിച്ചതോടെയാണ് കുടുംബം ആത്മഹത്യാഭീഷണി മുഴക്കിയത്. സംഭവമറിഞ്ഞ് പൊലീസും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും മണിക്കുട്ടനും മക്കളും തയാറായില്ല.
തുടർന്ന് യന്ത്രം ഓഫ് ചെയ്യുകയായിരുന്നു. കാറ്റാടിയന്ത്രത്തിന്‍റെ ഉടമയുമായും മണിക്കുട്ടനുമായും ഉടുമ്പൻചോല തഹസിൽദാർ ചർച്ച നടത്താമെന്നറിയച്ചതോടെയാണ് ഇവർ താഴെയിറങ്ങിയത്. തുടർന്ന് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.