Farmers protest | കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ മണ്ണിടിച്ചിൽ നഷ്‌ട പരിഹാര തുക നൽകിയതിൽ പക്ഷപാതം നടന്നെന്ന് കർഷകർ
ഇടുക്കി :കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം ഗ്യാപ്പ് ഭാഗത്ത് മലയിടിച്ചില്‍ ഉണ്ടായി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കൃഷിഭൂമി നഷ്‌ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാര തുക നല്‍കിയതില്‍ പക്ഷപാതപരമായ നടപടിയാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് ആരോപണം. ഇടനിലക്കാരായി നിന്ന് കമ്മീഷന്‍ പറ്റി നഷ്‌ടപരിഹാരം തൽപര കക്ഷികള്‍ക്ക് മാത്രം നല്‍കി തലയൂരിയതായാണ് കര്‍ഷകരും സംയുക്ത സമരസമിതിയും ആരോപിക്കുന്നത്. 2020 ജൂണ്‍ 17ന് വൈകിട്ടാണ് റോഡിന്‍റെ മുകള്‍ഭാഗത്ത് നിന്നും ഭീകരമായ മലയിടിച്ചില്‍ ഉണ്ടായത്.
പാറയും മണ്ണും പതിച്ച് 10 കര്‍ഷകരുടെ 20 ഏക്കറോളം ഭൂമിയിലെ വിളകള്‍ പൂര്‍ണമായും നശിച്ചു. വലിയൊരു ഭാഗം കൃഷിയിടം ഉപയോഗ യോഗ്യമല്ലാതായി. നാശനഷ്‌ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുമെന്ന് കരാറുകാരന്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ ചില കര്‍ഷകര്‍ക്ക് മാത്രം നഷ്‌ടപരിഹാരം നല്‍കി കരാറുകാരന്‍ പ്രശ്‌നത്തില്‍ നിന്നും തലയൂരി. 23 കര്‍ഷകര്‍ക്കാണ് മലയിടിച്ചിലില്‍ നാശനഷ്‌ടം സംഭവിച്ചത്. ഇതില്‍ ചിലര്‍ മധ്യസ്ഥര്‍ ആയി പണം വാങ്ങി പക്ഷപാതപരമായി ചിലര്‍ക്ക് മാത്രം തുക നല്‍കിയതായാണ് ആരോപണം.
അപകടത്തിൽ രണ്ടര ഏക്കര്‍ സ്ഥലവും വീടും നഷ്‌ടപ്പെട്ടിട്ടും ഒരു രൂപ പോലും നഷ്‌ടപരിഹാരം കിട്ടിയിട്ടില്ലെന്ന് കര്‍ഷകനായ പാറക്കാലായില്‍ സജി ആരോപിച്ചു. ഇത്തരത്തിൽ സജിയെ പോലെ അവഗണിക്കപ്പെട്ട കര്‍ഷകര്‍ നിരവധിയാണെന്നാണ് കർഷകർ പറയുന്നത്. അതേസമയം നഷ്‌ടപരിഹാര തുക അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് 25 ദിവസമായി കർഷകർ ഗ്യാപ്പ് റോഡില്‍ കുടില്‍ കെട്ടി സമരം നടത്തിവരികയാണ്.
എന്നാല്‍ ദേശീയ പാത വിഭാഗമോ ബന്ധപ്പെട്ട അധികൃതരോ നാളിതുവരെയായും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. ജീവിത മാര്‍ഗമായിരുന്ന കൃഷിയിടം നഷ്‌ടപ്പെട്ടതിന് പുറമെ അവസാന പ്രതീക്ഷ ആയിരുന്ന നഷ്‌ടപരിഹാര തുക നല്‍കുന്നതിലും തങ്ങളെ അവഗണിച്ച നടപടിയിലാണ് ഇവര്‍ സമരം നടത്തിവരുന്നത്. എന്നാല്‍ അധികൃതർ തുടർന്നും നടപടി കൈകൊണ്ടില്ലെങ്കിൽ ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങാനിരിക്കുകയാണ് സമരസമിതി.