കൃഷിയിടത്തില്‍ വെള്ളമില്ല; പഞ്ചായത്ത് കെട്ടിടത്തിൽ കയറി കര്‍ഷകന്‍റെ ആത്മഹത്യ ഭീഷണി - suicide attempt
കോട്ടയം: ആത്മഹത്യ ഭീഷണി മുഴക്കിയ നെൽ കർഷകനെ അനുനയിപ്പിച്ച് താഴെയിറക്കി. കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിൽ കയറിയാണ് ബിജുമോൻ എന്ന കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കിയത്. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാൻ അയൽവാസി തടസം നിൽക്കുന്നുവെന്ന് ആരോപിച്ചാണ് ഭീഷണി മുഴക്കിയത്. അയൽവാസി നൽകിയ കേസ് നിലനിൽക്കുന്നതിനാൽ സ്വന്തം കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ കഴിയുന്നില്ലെന്നാണ് ബിജുവിന്‍റെ പരാതി. കഴിഞ്ഞ ഏഴ് വർഷമായി അയൽവാസി വയലിലേക്ക് വെള്ളം കടത്തിവിടാൻ അനുവദിക്കുന്നില്ല. പാടത്തേക്കുള്ള ചാൽ അയൽവാസി അടക്കുകയും ചെയ്‌തു. വെള്ളച്ചാൽ തുറക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി കൃഷി ഓഫിസിലും പഞ്ചായത്ത് ഓഫിസിലും കയറിയിറങ്ങിയിട്ട് ബിജുവിന് നീതി ലഭിച്ചില്ല. തോട് തുറക്കാൻ ആർക്കും പറ്റാത്ത വിധം അയൽവാസി കോടതിയിൽ നിന്നു ഉത്തരവ് സമ്പാദിക്കുകയും ചെയ്‌തു. ഇതേതുടർന്നാണ് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിൽ കയറി ബിജു ആത്മഹത്യ ഭീഷണി മുഴക്കിയത്. പൊലീസും ഫയർ ഫോഴ്‌സുമെത്തി പലതും പറഞ്ഞിട്ടും ബിജുമോൻ താഴെയിറങ്ങാൻ തയ്യാറായില്ല. പിന്നീട് പ്രശ്‌നം പരിഹരിക്കാമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയാണ് ബിജുവിനെ താഴെയിറക്കിയത്. അതേസമയം ബിജുവിന്‍റെ പ്രശ്‌നത്തിൽ ഇടപെട്ടുവെന്നും കേസ് കോടതിയുടെ പരിധിയിലായതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അജയൻ മേനോൻ പറഞ്ഞു. അതേസമയം പുഞ്ച കൃഷി ഓഫിസ് ഇടപെട്ടാൽ പ്രശ്‌നം പരിഹരിക്കാമെന്ന് ബിജു പറയുന്നു. കൃഷിയല്ലാതെ ജീവിക്കാൻ മാർഗ്ഗമില്ലെന്നും ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ബിജു മോൻ പറയുന്നു.