കൃഷി ഭൂമിയില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു - വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു
Published : Nov 8, 2023, 8:49 AM IST
ഇടുക്കി: കാട്ടുമൃഗങ്ങളെ പ്രതിരോധിയ്ക്കാന്‍ കൃഷി ഭൂമിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. ഇടുക്കി കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫ് ആണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ വൈദ്യുതി വേലിയില്‍ കാല്‍ തട്ടി ഷോക്കേറ്റതാണെന്ന് കരുതുന്നത് (Farmer Dies of Shock From Electric Fence In Idukki). പുലര്‍ച്ചെ കൃഷിയിടത്തിലേയ്ക്ക് പോയ വര്‍ഗീസ് തിരികെ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് അതിര്‍ത്തി വന മേഖലയോട് ചേര്‍ന്ന പ്രദേശമാണിവിടം. വനത്തില്‍ നിന്നും കാട്ടുപന്നി അടക്കമുള്ള മൃഗങ്ങള്‍ പതിവായി കൃഷിയിടത്തിലേയ്ക്ക് എത്തിയിരുന്നു. ഇവയെ പ്രതിരോധിയ്ക്കാനാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. കൃഷിയിടത്തില്‍ 100 മീറ്ററോളം ദൈര്‍ഘ്യത്തില്‍ കമ്പി വലിച്ച് കെട്ടിയ ശേഷം ഇത് നേരിട്ട് വൈദ്യുതി ലൈനിലേയ്ക്ക് ബന്ധിപ്പിച്ചിരിയ്ക്കുകയായിരുന്നു. അതേസമയം കെഎസ്ഇബി അറിയാതെ ഇലക്ട്രിക് പോസ്‌റ്റില്‍ നിന്നും വൈദ്യുതി അപഹരിച്ചാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. കമ്പംമെട്ട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. വൈദ്യുതി അപഹരിച്ചതിന് കേസെടുക്കാന്‍ നിര്‍ദേശിയ്ക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.