ഇന്ത്യയുടെ തകർപ്പൻ വിജയം; ആരാധകരും ഹാപ്പിയാണ്
Published : Nov 27, 2023, 6:59 AM IST
|Updated : Nov 27, 2023, 9:25 AM IST
തിരുവനന്തപുരം :മഴയും പിച്ചും ചതിച്ചില്ല. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റർമാർ റൺമല തീർത്തപ്പോൾ ഇന്ത്യക്ക് വമ്പൻ ജയം. ഇന്ത്യ - ഓസ്‌ട്രേലിയ ടി20 പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിൽ. തിരുവനന്തപുരത്ത് ഓസ്‌ട്രേലിയൻ ബൗളർമാരെ തല്ലിത്തകർത്തതിന്‍റെ ആവേശത്തിലാണ് ആരാധകർ (Fans Reaction in India vs Australia 2nd T20 match). 40000ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 25000ത്തിൽ അധികം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയതെങ്കിലും മത്സരത്തിന്‍റെ ആവേശം ഒട്ടും ചോർന്നില്ല. ഓരോ സിക്‌സും ബൗണ്ടറിയും പിറക്കുമ്പോഴും ഗാലറിയിൽ നിന്ന് കരഘോഷം മുഴങ്ങി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസീസ് നായകൻ മാത്യു വെയ്‌ഡിന്‍റെ തീരുമാനത്തിന് വിരുദ്ധമായ പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തിൽ 235 റൺസ് നേടി. യശസ്വി ജയ്‌സ്വാൾ (53), ഋതുരാജ് ഗയ്‌ക്‌വാദ് (58), ഇഷാൻ കിഷൻ (52), റിങ്കു സിങ് (31) എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത്യ പടുകൂറ്റൻ സ്കോർ ഉയർത്തിയത്. ബൗളിങ്ങിലും ഇന്ത്യ അതേ മികവ് തുടർന്നു. പ്രസിദ്ദ് കൃഷ്‌ണ, രവി ബിഷ്‌ണോയ് എന്നിവർ 3 വിക്കറ്റ് വീതവും അർഷദീപ് സിങ്, അക്‌സർ പട്ടേൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി ജയം എറിഞ്ഞിട്ടു. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലായി.