കുഞ്ഞ് അബിഗേല്‍ സുഖമായിരിക്കുന്നു; കടപ്പാട് പങ്കുവച്ച് അമ്മയും സഹോദരനും - Abducted case
Published : Nov 28, 2023, 5:05 PM IST
|Updated : Nov 28, 2023, 9:49 PM IST
കൊല്ലം:ഓയൂരില്‍ നിന്നും തട്ടികൊണ്ടു പോയ പെണ്‍കുട്ടിഅബിഗേല്‍ സാറ റെജിയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് അമ്മയും ബന്ധുക്കളും. മകളെ കാണാതായത് മുതല്‍ പ്രാര്‍ഥനയിലൂടെ പിന്തുണ നല്‍കിയ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും കുടുംബം നന്ദി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍, വാര്‍ത്തകള്‍ യഥാസമയം പുറം ലോകത്തെ അറിയിച്ച മാധ്യമങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്കും കുട്ടിയുടെ അമ്മ സിജി നന്ദി അറിയിച്ചു. അനിയത്തിയെ കാണാതായത് മുതല്‍ സങ്കടത്തിലാണെന്നും ഇപ്പോള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണെന്നും കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ പറഞ്ഞു. അതേസമയം ആശ്രാമം മൈതാന പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിയെ കണ്ടെത്തിയെങ്കിലും കേരളത്തെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരും. ഓയൂരില്‍ നിന്നും ഇന്നലെ (നവംബര്‍ 27) വൈകിട്ട് 4 മണിയോടെ അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ തുടരുന്നതിനിടെ തട്ടികൊണ്ടു പോയ സംഘം കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു