'സിപിഎം പ്രവർത്തകർ ജീവിയ്ക്കാൻ അനുവദിയ്ക്കുന്നില്ല'; ആരോപണവുമായി ഒരു കുടുംബം
ഇടുക്കി: സിപിഎം പ്രവർത്തകർ നാട്ടിൽ ജീവിയ്ക്കാൻ അനുവദിയ്ക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആശുപത്രി പരിസരത്തു വച്ച് ഓട്ടോറിക്ഷ അടിച്ചു തകർത്തതായും പരാതി.
പീരുമേട് സ്വദേശിയായ ശ്രീജിത്തും കുടുംബവും ആണ് പരാതി ഉന്നയിച്ചിരിയ്ക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിത്തിനെ കാക്കത്തടം മേഖലയിലേയ്‌ക്ക് ഓട്ടം വിളിച്ചിരുന്നു. എന്നാൽ റോഡ് മോശം ആയതിനാൽ വരാനാവില്ലെന്ന് അറിയിച്ചതോടെ വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്‌തു.
പിന്നീട് വിഷയം പറഞ്ഞു തീർക്കാൻ വിളിച്ച ശേഷം ഡിവൈഎഫ്ഐ, സിപിഎം പ്രവത്തകരുടെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത അനുജന്മാരെയും ഇവർ ആക്രമിച്ചുവെന്നും ആരോപണമുണ്ട്. തുടർന്ന് ആശുപത്രിയിൽ വച്ചും ഭീഷണി മുഴക്കി.
സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് അപമാര്യദയായി പെരുമാറി എന്നും പീരുമേട് പൊലീസ് നടപടി സ്വികരിച്ചില്ല എന്നുമാണ് ആരോപണം. അതേസമയം, പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്‌ത എസ്എഫ്ഐ പ്രവർത്തകൻ അർജുൻ കൃഷ്‌ണയെ യുവാക്കൾ തലക്കടിച്ച് പരിക്കേൽപ്പിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
അർജുനെ മർദിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോൾ മനപൂർവം സംഘർഷം സൃഷ്‌ടിക്കുകയായിരുന്നുവെന്നും സിപിഎം പറയുന്നു. പൊലീസെത്തിയാണ് ഇരു കൂട്ടരെയും പിരിച്ചുവിട്ടത്. സംഭവത്തിൽ പീരുമേട് പൊലീസ് കേസെടുത്തിട്ടുണ്ട്.