2150 ഡിറ്റണേറ്ററുകള്‍, 13 പെട്ടികളിലായി ജലാറ്റിൻ സ്റ്റിക്കുകള്‍ ; കാസർകോട് വന്‍ സ്ഫോടക വസ്‌തു ശേഖരം പിടികൂടി - special ordinary detonators
കാസർകോട് : കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്‌തുശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്‌തഫയുടെ വീട്ടിൽ നിന്നാണ് സ്ഫോടക വസ്‌തുക്കൾ കണ്ടെടുത്തത്. എക്സൈസിന്‍റെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് എക്സൈസ് സംഘം മുസ്‌തഫയുടെ വീട്ടിൽ എത്തിയത്.
2150 ഡിറ്റണേറ്ററുകള്‍, 13 ബോക്‌സ് ജലാറ്റിൻ സ്റ്റിക്കുകള്‍, സ്പെഷ്യൽ ഓർഡിനറി ഡിറ്റണേറ്ററുകള്‍ (SOD) 600 എണ്ണം എന്നിവയാണ് കണ്ടെത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന ഡസ്റ്റർ KL AR 5004 നമ്പർ കാറിലും സ്ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെടുത്തു.
എക്സൈസ് കസ്റ്റഡിയിലെടുത്ത മുസ്‌തഫയെ ആദൂർ പൊലീസിന് കൈമാറുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ക്വാറി ആവശ്യത്തിന് വേണ്ടിയാണ് സ്‌ഫോടക വസ്‌തുക്കൾ എത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ അത്തരത്തിൽ ഒരു ക്വാറി പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
എക്‌സൈസ് എത്തിയതോടെ ആത്മഹത്യാശ്രമം : പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മുസ്‌തഫ ബാത്ത്‌റൂമിൽ കയറി കതക് അടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കയ്യിൽ കത്തികൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു. എന്നാൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയ പ്രതിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു.
വാളയാറിൽ പിടിച്ചത് 20,000 ജലാറ്റിൻ സ്റ്റിക്കുകൾ : കഴിഞ്ഞ ദിവസം വാളയാറിലും ടെമ്പോ വാനിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടിയിരുന്നു. വാളയാർ ടോൾ പ്ലാസയിൽ നിന്ന് സ്ഫോടക വസ്‌തുക്കൾ തൃശൂർ പൂങ്കുന്നത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം അടങ്ങിയ 100 കാർഡ് ബോർഡ് ബോക്‌സുകളാണ് അറസ്റ്റിലായ പ്രതികളിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ സതീഷ്, ലിസൻ എന്നിവർ പിടിയിലായി.