കാസർകോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാലാവധി കഴിഞ്ഞ എലിപ്പനി പ്രതിരോധ മരുന്ന് നൽകി; അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
കാസർകോട് : കാലാവധി കഴിഞ്ഞ എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്‌തതായി പരാതി. കിനാനൂർ-കരിന്തളം പഞ്ചായത്ത് എട്ടാം വാർഡിലെ മാളൂർക്കയത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കാലാവധി കഴിഞ്ഞ ഡോക്‌സിസൈക്ലിൻ ഗുളികകൾ (Doxycycline Tablets) നൽകിയത്. മെയ് മാസം കാലാവധി തീർന്ന മരുന്നാണ് തൊഴിലാളികൾക്ക് വിതരണം ചെയ്‌തത്. ഗുളികയുടെ കാലാവധി കഴിഞ്ഞതാണെന്ന് തിരിച്ചറിഞ്ഞതോടെ മരുന്ന് കഴിച്ചവർ ആശങ്കയിലാണ്.
സംഭവത്തിൽ കാസർകോട് ഡിഎംഒ അന്വേഷണത്തിന് നിർദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഗീതയ്ക്കാണ് അന്വേഷണ ചുമതല. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് മരുന്ന് നൽകിയത്. സംഭവം അറിഞ്ഞതോടെ പരാതിയുമായി തൊഴിലാളികൾ രംഗത്തെത്തി. നിലവിൽ ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല.
പഴയ സ്റ്റോക്ക് മാറി വിതരണം ചെയ്‌തതാകാമെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മരുന്ന് വിതരണം ചെയ്‌തതെന്ന് തൊഴിലാളികൾ പറയുന്നു. പ്രതിരോധ ഗുളികയായതിനാൽ പലരും കാലാവധി നോക്കാതെ കഴിച്ചു. പഞ്ചായത്തിലെ പി എച്ച്‌സിയിൽ നിന്ന് ഡോക്‌ടർമാരുടെ നിർദേശപ്രകാരം ഫാർമസിയിൽനിന്ന് കൈപ്പറ്റിയ മരുന്നുകൾ തൊഴിലുറപ്പ് മേറ്റുമാരാണ് ഒരാൾക്ക് രണ്ടെണ്ണം വീതം നൽകിയത്.
പഞ്ചായത്തിലെ എട്ടാം വാർഡിൽ നൂറോളം തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പ്രതിരോധ ഗുളികകൾ ഡിസ്‌പെൻസറിയിൽ നിന്ന് ഒപ്പിട്ട് വാങ്ങിയതെന്ന് മേറ്റർ പറയുന്നു. അന്ന് വൈകിട്ടും വെള്ളിയാഴ്‌ചയുമായി തൊഴിലുറപ്പിനെത്തിയവർക്കെല്ലാം ഗുളിക നൽകി. ആശുപത്രിയിൽനിന്ന് നൽകിയതുകൊണ്ട് കാലാവധി തീർന്നോയെന്ന് ശ്രദ്ധിച്ചില്ലെന്നും ഒരാൾക്ക് രണ്ടെണ്ണം വീതമാണ് നൽകിയതെന്നും മേറ്റർ പറഞ്ഞു. ചെളിയിലും വൃത്തിഹീനമായ ചുറ്റുപാടിലും പണിയെടുക്കുന്നവർക്കാണ് മഴക്കാലത്ത് എലിപ്പനി പ്രതിരോധഗുളികകൾ നൽകുന്നത്.