ഏറ്റെടുക്കാതെ ബന്ധുക്കൾ; ദുബായിൽ മരിച്ച ജയകുമാറിന്‍റെ മൃതദേഹം വനിത സുഹൃത്തിന് വിട്ടുനൽകി - kottayam
കോട്ടയം: ഗൾഫിൽ ഏഴ് ദിവസം മുൻപ് ആത്മഹത്യ ചെയ്‌ത യുവാവിൻ്റെ മൃതദേഹം സംസ്‌കരിക്കാൻ വനിത സുഹൃത്തിന് അനുമതി നൽകി ബന്ധുക്കൾ. ദുബായിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്‍റെ മൃതദേഹമാണ് ബന്ധുക്കൾ വനിത സുഹൃത്ത് സഫിയക്ക് വിട്ടുനൽകിയത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല.
ഇതിനെത്തുടർന്ന് സഫിയയും ജയകുമാറിന്‍റെ ബന്ധുക്കളും തമ്മിൽ തർക്കമുണ്ടാകുകയും സഫിയ പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. ഒടുവിൽ എൻഒസി ലഭിച്ചതിനെ തുടർന്ന് സഫിയക്ക് മൃതദേഹം പൊലീസ് വിട്ടു നൽകുകയായിരുന്നു. അതേസമയം മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് മടങ്ങി.
കഴിഞ്ഞ കുറേ വർഷങ്ങളായി ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയുമായി ജയകുമാർ ദുബായിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. സഫിയയുമായുള്ള സൗഹൃദത്തെ തുടർന്ന് ജയകുമാറിന്‍റെ ബന്ധുക്കൾ ആരും തന്നെ ഇയാളോട് അടുപ്പം പുലർത്തിയിരുന്നില്ല. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ വിദേശത്തേക്ക് പോയത്.
ഇവരുമായുള്ള വിവാഹമോചന കേസ് കോടതിയിൽ ഇപ്പോഴും നടന്നു വരികയാണ്. വിദേശത്ത് വച്ചായിരുന്നു സഫിയയുമായി ഇയാൾ സൗഹൃദത്തിൽ ആയത്. അതിനിടയിൽ ദുബായിൽ വച്ച് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം ഏറെ നാളുകളായി ജയകുമാർ മനോവിഷമത്തിൽ ആയിരുന്നുവെന്ന് സഫിയ അറിയിച്ചു.
ഒന്നരമാസം മുൻപാണ് സഫിയ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. ജയകുമാറിന്‍റെ മൃതദേഹം സഫിയയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ഏറ്റുവാങ്ങിയത്. എന്നാൽ മൃതദേഹം സംസ്‌കരിക്കണമെങ്കിൽ ബന്ധുക്കളുടെ അനുമതി ആവശ്യമായിരുന്നു.
അതേസമയം ജയകുമാറിന്‍റെ മരണ വിവരം തങ്ങളെ അറിയിച്ചില്ലെന്നും ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിൽ മൃതദേഹം ഏറ്റുവാങ്ങുന്നതിനെ ചൊല്ലി തർക്കം ഉണ്ടായത്. ഒടുവിൽ എറണാകുളത്ത് നിന്ന് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ മൃതദേഹവുമായി സഫിയ എത്തുകയായിരുന്നു.