UCC | ഏക സിവില്‍ കോഡ് ബിജെപിയുടെ കുതന്ത്രം, ഇഎംഎസ് അനുകൂലിച്ചിട്ടില്ല, പ്രചരിക്കുന്നത് അബദ്ധ ധാരണകള്‍ : ഇപി ജയരാജന്‍ - kerala news updates
കണ്ണൂര്‍ : തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ബിജെപിയുടെ രാഷ്‌ട്രീയ കുതന്ത്രമാണ് ഏകീകൃത സിവില്‍ കോഡെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആ കുതന്ത്രമാണ് ഇപ്പോള്‍ പ്രയോഗിച്ചിരിക്കുന്നത്. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡ് ജനങ്ങളിലാകെ ഉത്‌കണ്‌ഠയും ഭയവും ഉണ്ടാക്കിയിട്ടുണ്ട്. ആര്‍എസ്‌എസും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ വേണ്ടി നയങ്ങളും പരിപാടികളും ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവരെ ഇത്തരമൊരു സെമിനാറിലേക്ക് ക്ഷണിക്കുന്നത് അതിന്‍റെ സന്ദേശത്തോട് കാണിക്കുന്ന നിഷേധമായിരിക്കും.
പിന്നെയുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അവര്‍ വര്‍ഗീയതയ്‌ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് എല്ലായ്‌പ്പോഴും സ്വീകരിക്കുന്നത്. ഈ സമീപനം കോണ്‍ഗ്രസ് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ആര്‍എസ്‌എസ് - സംഘ്‌പരിവാറിന്‍റെ ശക്തമായ നീക്കത്തിനെതിരെ കടുത്ത തീരുമാനമെടുക്കാന്‍ തയ്യാറായാല്‍ തീര്‍ച്ചയായും അവരെയും ക്ഷണിക്കുന്നതില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റിന് വിരോധമുണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
ലീഗിനെ ക്ഷണിച്ചത് വോട്ട് കണ്ടിട്ടല്ല :ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള സെമിനാറിലേക്ക് അഞ്ച് വോട്ട് കണ്ടിട്ടല്ല ലീഗിനെ ക്ഷണിച്ചത്. രാജ്യ താത്പര്യം മുൻ നിർത്തിയാണ് അവരെ വിളിച്ചത്. മുസ്ലിം ലീഗ് സഹകരിച്ച പല അവസരങ്ങളും നേരത്തേയുണ്ട്.
നിഷേധാത്മക സമീപനം അവർ എടുത്തിട്ടില്ല. മോദിയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് സിപിഎമ്മിനെയാണ് എതിർക്കുന്നത്. ലീഗിന്‍റെ പിന്തുണ ഇല്ലെങ്കിൽ ഏതെങ്കിലും മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കുമോ ?. ലീഗ് സഹകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്.
ലീഗ് വിട്ടുപോയാൽ യുഡിഎഫ് ഇല്ല. മുന്നണിയിൽ തുടരണോ എന്നത് ലീഗ് ആലോചിക്കേണ്ട കാര്യമാണ്. യുഡിഎഫ് ഇനിയും ദുർബലമാകുമെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.
ഇഎംഎസ് അനുകൂലിച്ചിരുന്നുവെന്ന വാദം തള്ളി ഇപി :ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ഒരിക്കലും ഇംഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടില്ലെന്ന് ഇപി ജയരാജന്‍. 1985ല്‍ ഒരു ലേഖനത്തിലും ദേശാഭിമാനിയിലും അത്തരം പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും ഇഎംഎസിന്‍റെ ലേഖനം സംബന്ധിച്ച് പ്രചരിക്കുന്നത് അബദ്ധ ധാരണകളാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അന്നും ഇന്നും ഏകസിവില്‍ കോഡിന് എതിരാണ്. വിഷയത്തില്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തപ്പി നടക്കേണ്ട കാര്യമെന്താണെന്നും ഇപി ചോദിച്ചു.