മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിച്ചു; കർഷകരെ കുടിയിറക്കുന്നത് നാട് കടത്തുന്നതിന് തുല്യമെന്ന് യാക്കോബായ സുറിയാനി സഭ - യാക്കോബായ സുറിയാനി സഭ
Published : Nov 4, 2023, 3:06 PM IST
ഇടുക്കി: മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിച്ചു. ടൗണിൽ റവന്യൂ ഭൂമി കയ്യേറി നിർമിച്ച കടയും ഭൂമി കയ്യേറ്റവും, ദേവികുളത്തെ മൂന്ന് വീടുകളുമാണ് ഒഴിപ്പിച്ചത്. രണ്ടര സെന്‍റ് ഭൂമിയിൽ നിർമിച്ച വീടുകളും ഒഴിപ്പിച്ചതിൽ ഉൾപ്പെടുന്നു. ദേവികുളം സെറ്റിൽ മെന്‍റ് കോളനിയ്ക്കു സമീപത്തായി ബിജിനു മണി, സെന്തിൽകുമാർ, അജിത എന്നിവര്‍ സർക്കാർ ഭൂമി കയ്യേറി കൈവശം വച്ചിരുന്ന ഭൂമിയും വീടുകളുമാണ് ഒഴിപ്പിച്ചത്. ബിജിനു മണിയുടെ കൈവശം വീട് ഉൾപ്പടെ ഏഴ് സെന്‍റ് ഭൂമിയും അജിതയുടെയും സെന്തിൽ രാജിന്‍റെയും കൈവശം രണ്ടര സെന്‍റ് വീതം ഭൂമിയുമാണ് ഉണ്ടായിരുന്നത്. സർക്കാർ ഭൂമിയെന്ന് സൂചിപ്പിക്കുന്ന ബോർഡ് ഇവിടെ സ്ഥാപിച്ചു. മൂന്നാർ ടൗണിൽ നല്ലതണ്ണി ജംഗ്ഷനിൽ പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ച കടയും ഒഴിപ്പിച്ചു. ടൗണിലെ എട്ട് കടകൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മൂന്നാർ സ്വദേശി ഇമ്പരാജ് വില്ലേജ് ഓഫിസിന് സമീപം കൈവശം വച്ചിരുന്ന 10 സെന്‍റ് ഭൂമിയും ഒഴിപ്പിച്ചു. മൂന്നാർ ദൗത്യത്തിന്‍റെ ഭാഗമായി ചെറുകിട കയ്യേറ്റങ്ങളും മറ്റ് ഭൂമിയില്ലാത്തവർ കൈവശം വച്ചിരിക്കുന്ന ഭൂമിയും വീടും ഒഴിപ്പിക്കുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇടുക്കി ജില്ലയിൽ നിന്നും കർഷകരെ കുടിയിറക്കുന്നതിനെതിരെ യാക്കോബായ സുറിയാനി സഭ രംഗത്തെത്തി. ഹൈറേഞ്ച് മേഖലയിൽ ജനിച്ചു വളർന്ന കർഷകരെ കുടിയിറക്കുന്നത് അവരെ നാട് കടത്തുന്നതിന് തുല്യമാണെന്ന് മെത്രാപ്പോലീത്താ ഡോ ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു. കർഷകരെ കുടിയിറക്കുകയല്ല വേണ്ടത്, അവർക്ക് പട്ടയം നൽകി വസിക്കാനുള്ള സൗകര്യം ചെയ്‌തു നൽകി സംരക്ഷിക്കണം. കർഷകരോട് ഇടുക്കിയിൽ നിന്നും ഇറങ്ങാൻ പറയുന്നത് നീതിയാണോ എന്നും യാക്കോബായ സുറിയാനി സഭ. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഡോ ഏലിയാസ് മോർ അത്താനാസിയോസ് രാജകുമാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.