മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വീണ്ടും തീറ്റ തേടി കാട്ടാനകളെത്തി - മൂന്നാറില്‍ കാട്ടാനകള്‍
Published : Jan 14, 2024, 8:26 AM IST
ഇടുക്കി: മൂന്നാര്‍ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്‍റെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വീണ്ടും തീറ്റ തേടി കാട്ടാനകളെത്തി. നാളുകള്‍ക്ക് മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ ഇവിടെ തമ്പടിക്കുകയും മാലിന്യം ഭക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. പിന്നീട് പടയപ്പയെ ഇവിടെ നിന്ന് തുരത്തിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ വേറെയും കാട്ടാനകള്‍ തീറ്റതേടി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലേക്ക് എത്തിയിട്ടുള്ളത്. മൂന്നാറിലെ ജനവാസ മേഖലകളില്‍ തീറ്റതേടി കാട്ടാനകള്‍ വിലസുന്നത് പതിവാണ്. ഇതിന് പിന്നാലെയാണ് മൂന്നാര്‍ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്‍റെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലും തീറ്റ തേടി കാട്ടാനകളെത്തിയിട്ടുള്ളത്. ഏതാനും നാളുകള്‍ക്ക് മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ തീറ്റ തേടി ഇവിടെയെത്തുകയും തീറ്റ സുലഭമായി ലഭിച്ചതോടെ ഇവിടെ തമ്പടിക്കുകയും ചെയ്‌തിരുന്നു. പ്ലാസ്റ്റിക് മാലിന്യമടക്കം ആനയുടെ ഉള്ളില്‍ ചെല്ലാന്‍ സാധ്യതയുണ്ടെന്നും ഇത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വാദമുയര്‍ന്നതോടെ പഞ്ചായത്തിടപ്പെട്ട് ആനയെ ഇവിടെ നിന്നും തുരത്തിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ വേറെയും കാട്ടാനകള്‍ സമാന രീതിയില്‍ ഇവിടേക്കെത്തിയിട്ടുള്ളത്. തീറ്റ സുലഭമായി ലഭിക്കുന്നതിനാല്‍ കാട്ടാനകള്‍ ഇവിടെ നിന്നും പിന്‍മാറാന്‍ പ്രയാസമാണ്. കാട്ടാനകളുടെ സാന്നിധ്യമുണ്ടായിട്ടുള്ളത് കേന്ദ്രത്തിലെ തൊഴിലാളികളേയും ആശങ്കയിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമുള്ളില്‍ ചെന്നാല്‍ ആനകളുടെ ആരോഗ്യത്തേയുമത് പ്രതികൂലമായി ബാധിക്കും. തീറ്റ തേടി നടക്കുന്ന കാട്ടാനകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും ഉള്‍ വനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം.