നിറമാല ഉത്സവത്തിനിടെ ആനയിടഞ്ഞു: ആനപ്പുറത്ത് നിന്ന് ചാടി ഇറങ്ങിയ യുവാവിന് പരിക്ക് - malayalam news
പാലക്കാട്: കിഴക്കഞ്ചേരി തിരുവറ ക്ഷേത്രത്തിൽ നിറമാല ഉത്സവത്തിനിടെ ആനയിടഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. നിറമാല മഹോത്സവത്തിൻ്റെ ഭാഗമായി ബുധനാഴ്‌ച രാവിലെ നടന്ന സ്വാമി എഴുന്നള്ളത്തിനിടെയാണ് മൂന്ന് ആനകളിൽ ഒരെണ്ണം ഇടഞ്ഞത്. കുണ്ടുകാട്ടിൽ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് ക്ഷേത്രത്തിന് മുൻപിൽ എത്തിയപ്പോൾ പുത്തൂർ ദേവിനന്ദൻ എന്ന ആന ഇടയുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആന ഇടഞ്ഞതോടെ ആനപ്പുറത്ത് നിന്നും ചാടിയ ആലത്തൂർ കാട്ടുശ്ശേരി ഗിരീഷ് (35) നാണ് പരിക്കേറ്റത്. ഇയാളെ വടക്കഞ്ചേരി നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടഞ്ഞ ആന സമീപത്തെ രണ്ട് ആനകളെയും ഇടിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി ചിതറിയോടി. പകൽ 12 മണിയോടു കൂടിയാണ് ആനയെ തളച്ചത്. ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകളും, ക്ഷേത്രത്തിന് പുറത്തെ നാഗ പ്രതിഷ്‌ഠയുടെ മേൽക്കൂരയും ആന തകർത്തു. ഇടഞ്ഞ ആനയുടെ പാപ്പാൻമാരായ വാസവും പ്രസാദും മറ്റ് ആനയുടെ പാപ്പാൻമാരും ചേർന്നാണ് ആനയെ ക്ഷേത്രത്തിന് സമീപം തളച്ചത്. സംഭവമറിഞ്ഞ് വടക്കഞ്ചേരി എസ് ഐ കെ വി സുധീഷ്‌കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, എലിഫന്‍റ് സ്‌ക്വാഡും സ്ഥലതെത്തി. സംഭവത്തെ തുടർന്ന് ഇന്ന് ഉച്ചയ്‌ക്ക് ശേഷം നടന്ന ശീവേലി എഴുന്നെള്ളത്തിന് ആനകളെ ഒഴിവാക്കി. കഴിഞ്ഞ ശനിയാഴ്‌ച വണ്ടാഴി ചന്ദനാം പറമ്പിലും ആനയിടഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
Last Updated : Feb 3, 2023, 8:37 PM IST