ഭക്തരെ വരവേല്‍ക്കാന്‍ 'ലക്ഷ്‌മി' ഇനിയില്ല; നടക്കുന്നതിനിടെ കുഴഞ്ഞ് വീണ ആന ചെരിഞ്ഞു - Tamilnadu news updates
പുതുച്ചേരി: തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ ആന ചെരിഞ്ഞു. മണക്കുള വിനായഗര്‍ ക്ഷേത്രത്തിലെ ലക്ഷ്‌മിയെന്ന ആനയാണ് ചെരിഞ്ഞത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. നടക്കുന്നതിനിടെ ആന തളര്‍ന്ന് വീഴുകയായിരുന്നു. വിവരമറിഞ്ഞ പൊലീസും ഡോക്‌ടർമാരും മണക്കുള വിനായഗർ ക്ഷേത്രം അധികൃതരും സ്ഥലത്തെത്തി. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് ഡോക്‌ടര്‍മാരുടെ പ്രാഥമിക നിഗമനം. ആനയുടെ കാലില്‍ നേരത്തെ ഒരു വ്രണമുണ്ടായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് ജഡം കുരുശുകുപ്പം അക്കാസാമി മഠത്തിൽ സംസ്‌കരിക്കും. നിരവധി പേരാണ് ലക്ഷ്‌മിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജനും ലക്ഷ്‌മിക്ക് അന്തിമോപചാരമര്‍പ്പിച്ചു. 1996ല്‍ മുഖ്യമന്ത്രിയായിരുന്ന ജാനകിരാമനാണ് ക്ഷേത്രത്തിലേക്ക് ആനക്കുട്ടിയെ നല്‍കിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരും വിനോദ സഞ്ചാരികളും ലക്ഷ്‌മിയെ സന്ദര്‍ശനം നടത്താതെ തിരിച്ച് പോയിരുന്നില്ല.
Last Updated : Feb 3, 2023, 8:34 PM IST