മലമ്പുഴ ഡാമിൽ മീൻ പിടിക്കാനെത്തിയ ആളെ കാട്ടാന ആക്രമിച്ചു - മലമ്പുഴ
പാലക്കാട് : മലമ്പുഴ ഡാമില്‍ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ആക്രമിച്ചു. കരടിയോട് സ്വദേശി ചന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ ചന്ദ്രന്‍റെ താടിയെല്ലിന് പരിക്കേറ്റു.
പുലർച്ചെ അഞ്ച് മണിയോടെ മലമ്പുഴ ഡാമിൽ മീൻ പിടിക്കാനായി എത്തിയതായിരുന്നു ചന്ദ്രൻ. കാട് മൂടി കിടക്കുന്ന സ്ഥലത്ത് കാട്ടാന നിന്നിരുന്നത് ചന്ദ്രൻ കണ്ടില്ല. പെട്ടന്ന് കാട്ടാനയുടെ മുൻപിൽപ്പെട്ട് രക്ഷപ്പെടുന്നതിനിടയിലാണ് ചന്ദ്രന് പരിക്കേറ്റത്. ഇയാളെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിടി 7 പോയപ്പോൾ പിടി 14 :ധോണി, മലമ്പുഴ മേഖലയെ വിറപ്പിച്ചിരുന്ന പിടി 7 എന്ന കാട്ടാനയെ പിടികൂടി ധോണി ഫോറസ്റ്റ് ക്യാമ്പിൽ കുങ്കിയാനയാക്കുനുള്ള പരിശ്രമത്തിലാണ്. പിടി 7 ഇപ്പോൾ ധോണിയെന്ന പേരിൽ പാപ്പൻമാരുമായി ഇണങ്ങി വരികയാണ്. രണ്ട് മാസത്തിനുള്ളിൽ ധോണിയെ കൂട്ടിൽ നിന്നും ഇറക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വനം വകുപ്പ്.
ഇതിനിടയിലാണ് വെള്ളിയാഴ്‌ച രാവിലെ പിടി 14 എന്ന ഒറ്റയാൻ ഡാമിന്‍റെ പരിസരത്ത് എത്തിയത്. ഈ പ്രദേശം വനമേഖലയോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ്. പ്രദേശത്തേക്ക് കടക്കുന്നതിന് ജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആളുകൾ അതിക്രമിച്ച് കടക്കുന്നത് പതിവാണ്. അധിക്യതരുടെ കണ്ണുവെട്ടിച്ച് ആളുകൾ പ്രദേശത്തേക്ക് കടക്കുന്നതിനിടയിൽ കാട്ടാനയുടെ മുൻപിൽപ്പെട്ടാൽ വലിയ അപകടമാണ് ഉണ്ടാവുക.
പിടി 14 നിലവിൽ മദപ്പാടിലാണ്. കഞ്ചിക്കോടും, മലമ്പുഴയും ജനവാസ മേഖലക്ക് സമീപവും പിടി 14 ആഴ്‌ചകളോളമായി കറങ്ങി നടക്കുകയാണ്. മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തോടപ്പമായിരുന്ന പിടി 14. രണ്ട് ദിവസമായി മദപ്പാടിൽ തനിച്ചാണ് സഞ്ചാരം. പിടി 7 നെപ്പോലെ പിടി 14 ജനവാസ മേഖലയിറങ്ങി പതിവായി നാശം വിതക്കുമോയെന്ന ഭീതിയിലാണ് ജനങ്ങൾ.