പ്രഭാത സവാരിക്കിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടു ; ഭയന്നോടിയ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക് - തേക്കടി വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
ഇടുക്കി : കാട്ടാനയെ കണ്ട് ഭയന്നോടിയ വനം വകുപ്പ് ഉദ്യോഗസ്ഥന് ട്രഞ്ചില്‍ വീണ് പരിക്ക്. പെരിയാർ ടൈഗർ റിസർവിലെ ക്ലർക്ക് റൂബി വർഗീസിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ ആറരയ്ക്ക് പ്രഭാത സവാരിക്കിടെ തേക്കടി ബോട്ട് ലാൻഡിംഗിന് സമീപത്തുവച്ചാണ് സംഭവം. നടത്തത്തിനിടെ പെട്ടെന്ന് കാട്ടാനയുടെ മുൻപിൽപ്പെടുകയായിരുന്നു. കാട്ടാനയെ കണ്ടതും റൂബി തിരിഞ്ഞോടി. എന്നാൽ ഓടുന്നതിനിടെ അബദ്ധത്തിൽ ട്രഞ്ചിൽ വീഴുകയായിരുന്നു.
ഉടനെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ കുഴിയിൽ നിന്ന് പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വലത് കാലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റതിനെ തുടർന്ന് പിന്നീട് ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തേക്കടി ഡിവിഷനിലെ ക്ലർക്കാണ് കട്ടപ്പന സ്വദേശിയായ റൂബി വർഗീസ്.
അരിക്കൊമ്പന്‍ ബൈക്കിൽ നിന്ന് തട്ടിയിട്ട ആൾ മരിച്ചു : അരിക്കൊമ്പൻ ബൈക്കിൽ നിന്ന് തട്ടിയിട്ടതിനെ തുടർന്ന് പരിക്കേറ്റ കമ്പം സ്വദേശി പാൽരാജ് മരിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്‌ച അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങിയപ്പോഴായിരുന്നു സംഭവം. കമ്പം ടൗണിലിറങ്ങിയ ആന അഞ്ച് വാഹനങ്ങളും തകർത്തിരുന്നു.