സെക്രട്ടേറിയറ്റിന് സമീപം നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു - Kerala Electric Scooter Fire
Published : Nov 5, 2023, 5:35 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപിടിച്ചു (Electric Scooter Caught Fire Near Thiruvananthapuram Secretariat). എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ലിജു പോളിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാഹനത്തിന്റെ മുൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു. വാഹനം സ്റ്റാർട്ട് ചെയ്യവേ സ്പീഡോ മീറ്ററിൽ (Speeo Meter) നിന്നാണ് തീപിടിത്തം ഉണ്ടായത്. ചെങ്കൽചൂള യൂണിറ്റിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അതേസമയം ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ ഉപഭോക്താക്കളെ ആശങ്കയിലാക്കുകയാണ് (Electric Scooters Catch Fire). കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ പുകയെ തുടര്‍ന്ന് അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ തെലങ്കാനയില്‍ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ച് മരണമുണ്ടായതിന് പിന്നാലെ വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി (PURE EV) 2,000 വാഹനങ്ങൾ തിരിച്ചുവിളിച്ചു. സംഭവത്തിനു പിന്നാലെ ഇത്തരം തീപിടിത്തങ്ങളെപ്പറ്റി അന്വേഷിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു.