'ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കളാണ് കേരളത്തിന് ആവശ്യം'; കല്ലറ സന്ദര്‍ശിച്ച് ഇകെ നായനാരുടെ മകന്‍ കൃഷ്‌ണ കുമാര്‍ - ഉമ്മന്‍ ചാണ്ടി
കോട്ടയം:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഇകെ നായനാരുടെ മകന്‍ കൃഷ്‌ണ കുമാര്‍. ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കളാണ് കേരളത്തിന് ആവശ്യമെന്ന് കൃഷ്‌ണ കുമാര്‍ പറഞ്ഞു. ഒരു രാഷ്‌ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന്‍റെ തെളിവാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഇത്തരത്തില്‍ സമൂഹത്തില്‍ വലിയ സന്ദേശം നല്‍കിയയാളാണെന്നും കൃഷ്‌ണ കുമാര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് ബാക്കിവച്ചുപോയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് പുതുതലമുറയിലുള്ളവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച അനുശോചന സമ്മേളനം കഴിഞ്ഞ്:ഉമ്മന്‍ ചാണ്ടിയുടെഅനുശോചന സമ്മേളനത്തിന് ശേഷമേ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടാവൂവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം മുന്‍തൂക്കം നല്‍കുന്നത് അനുശോചന സമ്മേളനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പിനുള്ള നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളിലേക്ക് ജന പ്രതിനിധികളുടെ ഒഴിവുള്ള കാര്യം വിജ്ഞാപനം ചെയ്‌തതിന് ശേഷം ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.