കിഴിശ്ശേരിയിലേത് ആൾക്കൂട്ട കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ് ; എട്ട് പേര്‍ അറസ്റ്റില്‍ - BIHAR NATIVE KILLED IN KONDOTTY AFTER MOB ATTACK
മലപ്പുറം :കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അതിഥി തൊഴിലാളി മരിച്ചത് ആള്‍ക്കൂട്ട കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊലപാതകത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്‌തതായും ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരുന്നതായും മലപ്പുറം എസ്‌പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്‌ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാം മൈലില്‍ വച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്‌ടാവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. ക്രൂരമര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദനമെന്നും എസ്‌പി പറഞ്ഞു. നേരത്തെ മോഷണ ശ്രമത്തിനിടെ വീടിന്‍റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റാണ് രാജേഷ് മാഞ്ചി മരിച്ചത് എന്നാണ് കസ്റ്റഡിയില്‍ ഉള്ളവർ മൊഴി നൽകിയിരുന്നത്.
എന്നാല്‍ പോസ്റ്റ്‌മോർട്ടത്തിൽ ഇയാൾക്ക് മർദനം ഏറ്റിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ട് മണിക്കൂർ രാജേഷിനെ തുടര്‍ച്ചയായി മർദിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.