കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകം : മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമെന്ന് പൊലീസ്
ഇടുക്കി : കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്‌പി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്‌റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നും ഡിവൈഎസ്‌പി വി എ നിഷാദ്മോൻ വ്യക്തമാക്കി. അനുമോളെ ഭർത്താവ്, ബിജേഷ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പൊലീസ്.
ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്‍റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാവുകയും ചെയ്‌തു. ബിജേഷിനായി തിരച്ചിൽ ഊർജിതമാക്കിയെന്ന് കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്മോൻ പറഞ്ഞു.
ജഡം പൂർണമായി അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇടുക്കി സബ് കലക്‌ടര്‍ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്‌റ്റ് നടപടികള്‍ പൂർത്തിയാക്കിയത്.
ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.