കുഴിമാടങ്ങളില്‍ കുഴി കുത്തി വെള്ളമൊഴിക്കും, അതിന് മുകളില്‍ കയറി പ്രാർഥിക്കും... മഴ പെയ്യാൻ നടത്തുന്ന വ്യത്യസ്തമായ ആചാരത്തെ കുറിച്ചറിയാം - graveyard with a tanker full of water
വിജയപുര: മഴ പെയ്യാൻ വേണ്ടി തവളക്കല്യാണവും കഴുതക്കല്യാണവും അടക്കം വ്യത്യസ്തമായ ആചാരങ്ങൾ നടത്തുന്ന സ്ഥലങ്ങളെ കുറിച്ചും ആളുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും.. എന്നാല്‍ മഴ പെയ്യാൻ വേണ്ടി കർണാടകയിലെ വിജയപുരയില്‍ നടത്തുന്ന വ്യത്യസ്തമായ ഒരു ആചാരത്തെ കുറിച്ച് അധികമാരും അറിഞ്ഞിട്ടുണ്ടാകില്ല.
വിജയപുരയിലെ തളികോട്ടെ താലൂക്കിലെ കലകേരി ഗ്രാമത്തിലാണ് അസാധാരണമായ ആചാരം ദശാബ്‌ദങ്ങളായി നടത്തുന്നത്. ഇത്തവണ മഴ പെയ്യാൻ വൈകിയപ്പോൾ കലകേരി ഗ്രാമവാസികൾ വീണ്ടും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ചു.
മഴ പെയ്യാൻ എന്തും ചെയ്യും: മഴ പെയ്യാൻ വേണ്ടി കലകേരി ഗ്രാമവാസികൾ അവരുടെ ഗ്രാമത്തിലെ ശ്‌മശാനത്തിലെത്തി കുഴിമാടം കുഴിച്ച് അതില്‍ വെള്ളമൊഴിച്ച് പ്രാർഥിക്കും. ഇത്തവണ ഒരു ടാങ്കർ നിറയെ വെള്ളവുമായാണ് അവർ ശ്‌മശാനത്തിലെത്തിയത്. അതിനു ശേഷം കുഴിമാടങ്ങളില്‍ കുഴിയുണ്ടാക്കി. അതിലേക്ക് പൈപ്പ് വഴി വെള്ളമൊഴിച്ചു. ശേഷം അവിടെയിരുന്ന് മഴ പെയ്യാൻ പ്രാർഥിച്ചു. ഇങ്ങനെ ചെയ്‌താല്‍ പത്ത് ദിവസത്തിനകം മഴ പെയ്യുമെന്നാണ് ഇവരുടെ വിശ്വാസം.
കഴിഞ്ഞ വർഷവും മഴ പെയ്യാൻ വൈകിയപ്പോൾ ഈ ആചാരം ഇവർ നടത്തിയിരുന്നു എന്ന് ഗ്രാമവാസികൾ പറഞ്ഞു. ഇത്തവണയും വൈകാതെ മഴയെത്തുമെന്ന വിശ്വാസത്തില്‍ ഗ്രാമവാസികൾ മടങ്ങിപ്പോയി. അങ്ങനെ മഴ ലഭ്യമാകുമ്പോഴാണ് കലകേരി അടക്കമുള്ള ഗ്രാമങ്ങളില്‍ കൃഷി ആരംഭിക്കുന്നത്. കൃഷിയെ അടിസ്ഥാനമാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ മഴയ്ക്കായി നടത്തുന്ന പ്രാർഥനകളും വ്യത്യസ്ത ആചാരങ്ങളും ഇപ്പോഴും സജീവമാണ്.