ഇടുക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് വർധിപ്പിച്ച് ടൂറിസം പ്രെമോഷൻ കൗൺസിൽ; പ്രതിഷേധം കനക്കുന്നു - രാമക്കല്‍മേട്
ഇടുക്കി:ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ വർധിപ്പിച്ചു. ടൂറിസം മേഖലയെ സംസ്ഥാന സർക്കാർ ജിഎസ്‌ടിയുടെ പരിധിയിൽ ഉൾപെടുത്തിയതോടെയാണ് പ്രവേശന നിരക്ക് വർധിപ്പിച്ചത്. ഇതോടെ കുട്ടികൾക്ക് ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്കിൽ വർധനവ് ഏർപ്പെടുത്തി. 18 ശതമാനം വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡിടിപിസിയുടെ നിയന്ത്രണത്തിൽ ഇടുക്കിയിൽ പ്രവർത്തിക്കുന്ന വാഗമൺ, രാമക്കല്‍മേട്, ശ്രീനാരായണപുരം, പാഞ്ചാലിമേട്, മാട്ടുപ്പെട്ടി തുടങ്ങിയ 16 കേന്ദ്രങ്ങളിലും പ്രവേശന നിരക്ക് വർധിപ്പിച്ചു. മുതിർന്നവർക്ക് 20 രൂപയായിരുന്നത് 25 രൂപയായും, കുട്ടികൾക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 10 രൂപയായിരുന്നത് 15 രൂപയുമായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ഓരോ ടിക്കറ്റിലും അഞ്ച് രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹെലികാം ഉപയോഗിക്കുന്നതിന് 300 രൂപയാണ് നിലവിലെ നിരക്ക്. വിവിധ കേന്ദ്രങ്ങളിലെ വിനോദ ഉപാധികൾക്ക് അനുസൃതമായി നിരക്ക് പുതുക്കി. ഡിടിപിസിയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലായെന്നും സീസൺ സമയത്ത് ചാർജ് വർധനവ് ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും ടുറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
ഓരോ ടിക്കറ്റിലും ജിഎസ്‌ടി ഉൾപെടുത്തിയതോടെയാണ് നിരക്ക് വർധിച്ചത്. മുമ്പ് സഞ്ചാരികളിൽ നിന്നും പ്രത്യേകം നികുതി ഈടാക്കാതെ, ആകെ വരുമാനത്തിൽ നിന്നുമായിരുന്നു ജിഎസ്‌ടി നൽകിയിരുന്നത്. മറ്റ് ജില്ലകളിലെ ടൂറിസം സെന്‍ററുകളെ നേരത്തെ ജിഎസ്‌ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ഇടുക്കിയിൽ നിരക്ക് വർധനവ് ഏർപ്പെടുത്തിയത്.