Drug Addicted Man Arrested In Kannur ട്രെയിനിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ശുചിമുറിയുടെ കതക് തകർത്തു, പിടികൂടി പൊലീസ് - ആർപിഎഫ്
Published : Sep 6, 2023, 4:43 PM IST
കണ്ണൂർ: മയക്കുമരുന്ന് ലഹരിയിൽ ട്രെയിനിൽ യുവാവിന്‍റെ പരാക്രമം. കുർള -തിരുവനന്തപുരം എക്‌സ്‌പ്രസിലായിരുന്നു അതിക്രമം നടന്നത്. പ്രതി ശുചിമുറിയുടെ കതക് അടിച്ചു തകർത്തു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അതിക്രമം നടത്തിയ മംഗലാപുരം കാർവാർ സ്വദേശി സൈമണിനെ ആർപിഎഫ് കണ്ണൂരിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. ആർപിഎഫ് എസ്ഐ മനോജ് കുമാറിന്‍റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്. അതേ സമയം കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ട് ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ഒഡിഷ സ്വദേശിയായ സർബെശ്വർ പരീധ എന്ന യുവാവാണ് പിടിയിലായത്. പത്തു വർഷത്തോളമായി കണ്ണൂരിൽ ജോലി ചെയ്യുന്നയാളാണ് പ്രതി. നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടാനായതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ പറഞ്ഞു. ആർപിഎഫും കേരള പൊലീസും ട്രെയിൻ കല്ലേറിൽ അന്വേഷണം നടത്തിയിരുന്നു. പ്രതി സർബെശ്വർ പരീധ കുറ്റം സമ്മതിച്ചെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു. പ്രതി എന്തിനാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്ന് ഇതുവരെ പൊലീസ് പുറത്തു വിട്ടിട്ടില്ല.