പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു - കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു
എറണാകുളം: പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ദീർഘ നേരത്തെ തെരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൂവരും പുഴയിൽ കുളിക്കാനെത്തിയത്.
പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റെയും കവിതയുടെയും മകൾ ശ്രീവേദയുടെ (10) മൃതദേഹമാണ് വൈകുന്നേരത്തോടെ ആദ്യം കണ്ടെത്തിയത്. കവിതയുടെ സഹോദരപുത്രൻ മന്നത്തെ തളിയിലപാടം വീട്ടിൽ വിനു-നിത ദമ്പതികളുടെ മകൻ അഭിനവിന്‍റെ (13) മൃതദേഹമാണ് രാത്രിയോടെ കണ്ടെത്തിയത്. കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട രാജേഷ്-വിനിത ദമ്പതികളുടെ മകൻ ശ്രീരാഗിന്‍റെ (13) മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്.
ബന്ധുവീട്ടിൽ എത്തിയ കുട്ടികൾ വീട്ടുകാർ അറിയാതെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. നീന്തലറിയാവുന്ന ഇവർ ഏറെ നേരം നീന്തികളിച്ചതിന് ശേഷമാണ് മുങ്ങിയത്. തട്ടുകടവ് പാലത്തിന് താഴെയായതിനാൽ കുട്ടികൾ അപകടത്തിൽപ്പെട്ടത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടികളുടെ ഒരു സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി. തുടർന്ന് പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആഴമേറിയതും ഒഴുക്ക് കൂടുതലുമായ പുഴയുടെ ഭാഗത്ത് ആരും ഇറങ്ങാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, പുഴയെ കുറിച്ച് അറിയാത്ത കുട്ടികൾ നീന്തൽ വശമുള്ളവരായതിനാൽ ഇറങ്ങി കുളിച്ചതാണ് അപകടത്തിനിടവരുത്തിയത്.