പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക് - പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കരിമ്പ തുപ്പനാട് പുതിയ പാലത്തിന് സമീപമാണ് കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയുടെ അടിയിൽ അകപ്പെട്ട ഡ്രൈവർ തൃശൂർ സ്വദേശി ജിത്തുവിനാണ് (32) ഗുരുതര പരിക്കേറ്റത്.
വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ പാലക്കാട് നിന്നും മണ്ണാർക്കാട് പോകുകയായിരുന്ന 16 ചക്രമുള്ള സിമെന്‍റ് ക്രഷർ ലോറി തുപ്പനാട് പുതിയ പാലം കഴിഞ്ഞ് വളവ് തിരിഞ്ഞു പോകുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി കുഞ്ഞുമുഹമ്മദ് എന്നയാളുടെ വീടിനോട് ചേർന്നുള്ള താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ മജീദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കണ്ടെയ്‌നർ ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ ഡ്രൈവർ ലോറിയുടെ ഉള്ളിൽ അകപ്പെട്ടു. ഡ്രൈവറുടെ കാൽ ലോറിയുടെ ഇടയിൽപ്പെട്ടത് കാരണം പുറത്തെടുക്കാൻ കഴിഞ്ഞില്ല. രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞത്.
ഒരു വശത്തുള്ള മണ്ണെടുത്ത് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഒരു വശം മുറിച്ച് മാറ്റിയാണ് ഡ്രൈവറെ രക്ഷിക്കാനായത്. നാട്ടുക്കാരും ഫയർ ഫോഴ്‌സും ചേർന്നുള്ള പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. 65 ടൺ സിമന്‍റ് മിക്‌സർ ലോഡുള്ളതാണ് ലോറി. രണ്ട് ക്രൈനുകൾ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമം വിഫലമായി.
മണ്ണാർക്കാട് , പാലക്കാട് , കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരുമണിക്കൂറോളമണ് ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായത്. പിന്നീട് പഴയ റോഡിലൂടെ വാഹനങ്ങളെ കടത്തിവിടാൻ തുടങ്ങിയതോടെ ഗതാഗത തടസം നീങ്ങി.