VIDEO| വനിത ഡോക്‌ടറുടെ മരണം: ഡോ. വന്ദന ദാസ് പ്രതി സന്ദീപിനെ പരിശോധിക്കുന്നതിന്‍റെ ദൃശ്യം പുറത്ത് - സന്ദീപിനെ പരിശോധിക്കുന്നതിന്‍റെ ദൃശ്യം
കൊല്ലം:പരിശോധനയ്‌ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മരണപ്പെട്ട ഡോ. വന്ദന ദാസ് പ്രതി സന്ദീപിനെ പരിശോധിക്കുന്നതിന്‍റെ ദൃശ്യം പുറത്ത് വന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാല് മണിയ്‌ക്ക് പൊലീസ് ചികിത്സയ്‌ക്കായി ആശുപത്രിയിൽ എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപാണ് ചികിത്സയ്ക്കിടെ ഡോക്‌ടറെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കാലിൽ മുറിവേറ്റിരുന്ന ഇയാളെ ആശുപത്രി ജീവനക്കാർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇതേ സമയം ഡ്യൂട്ടി ഡോക്‌ടറായ വന്ദന പ്രതിയുടെ സമീപത്ത് നിൽക്കുന്നതും ആശുപത്രി ദൃശ്യങ്ങളിലുണ്ട്. പരിശോധിക്കുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനാകുകയും കൂടെയുണ്ടായിരുന്ന ബന്ധുക്കളെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്‌തത്.
also read :വന്ദനയ്‌ക്കേറ്റത് ആറ് കുത്തുകള്‍ ; മരണകാരണമായത് ശ്വാസകോശത്തിലേക്ക് ആയുധം ആഴ്‌ന്നിറങ്ങിയത്
വന്ദനയുടെ ശരീരത്തിൽ പ്രതി നിരവധി തവണ കുത്തിയതിനെ തുടർന്നാണ് ഡോക്‌ടർ മരണപ്പെട്ടത്. സംഭവ ശേഷം സന്ദീപിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം വന്ദന ദാസിന്‍റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയി. യുവ വനിത ഡോക്‌ടറുടെ മരണത്തിൽ സംസ്ഥാനത്താകെ ആരോഗ്യ പ്രവർത്തകരും പാർട്ടി പ്രവർത്തകരും പ്രതിഷേധം കടുപ്പിക്കുകയാണ്. പലയിടത്തും ഡോക്‌ടർമാർ പണിമുടക്ക് ആരംഭിച്ചു.