ഡോ വന്ദന ദാസിന്‍റെ മൃതദേഹം കോട്ടയത്തെ വസതിയിലെത്തിച്ചു ; സംസ്‌കാരം നാളെ - വന്ദന ദാസ്
കോട്ടയം : സ്‌കൂൾ അധ്യാപകന്‍റെ കുത്തേറ്റ് കൊല്ലപ്പട്ട ഡോക്‌ടർ വന്ദന ദാസിന്‍റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ട് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തലിലാണ് പൊതുദർശനം നടക്കുന്നത്.
വൻ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പടെയുള്ളവരും കോട്ടയത്തെ വസതിയിൽ എത്തിയിട്ടുണ്ട്.
also read :വന്ദനയ്‌ക്കേറ്റത് 11 കുത്തുകള്‍ ; മരണകാരണമായത് ശ്വാസകോശത്തിലേക്ക് ആയുധം ആഴ്‌ന്നിറങ്ങിയത്
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്ന് പുലർച്ചെയാണ് പൊലീസുകാർ കൊണ്ടുവന്നയാളെ പരിശോധിക്കുന്നതിനിടെ പ്രതിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലും വന്ദനയുടെ കോളജിലും പൊതുദർശനത്തിനുവച്ച ശേഷമാണ് മൃതദേഹം കോട്ടയത്തെ വസതിയിൽ എത്തിച്ചത്.
ആക്രമണത്തിൽ വന്ദനയുടെ ശരീരത്തിൽ 11 കുത്തുകൾ ഏറ്റിരുന്നു. ശ്വസകോശത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.