Dr Geevarghese Mar Coorilos On Puthuppally Bypoll : വോട്ടിങ് ശതമാനം ഉയരുന്നത് ജനാധിപത്യത്തിന്‍റെ വിജയം : ഡോ ഗീവർഗീസ് മാർ കൂറിലോസ്
Published : Sep 5, 2023, 3:58 PM IST
കോട്ടയം : വോട്ടിങ് ശതമാനം (Voting Percentage in Puthuppally) ഉയരുന്നത് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് (Dr Geevarghese Mar Coorilos). എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു മത്സരത്തിന്‍റെ ചൂട് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. അത് ആത്യന്തികമായി ജനാധിപത്യത്തിന്‍റെ പകിട്ട് കൂടുന്നതാണെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു . വാകത്താനം പഞ്ചായത്തിലെ നാലുന്നാക്കൽ സെന്‍റ് ആദായീസ് ഗവൺമെന്‍റ് എൽ പി സ്‌കൂളിലെ 169-ാം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ശേഷമായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രതികരണം. മൂന്ന് മുന്നണികളും ചെറുപ്പക്കാരെ സ്ഥാനാർഥികളായി നിർത്തിയതും പുതിയ പ്രതീക്ഷയാണ്. ഒരു വ്യക്തി തന്‍റെ മനഃസാക്ഷി ഉപയോഗിച്ചാണ് വോട്ട് ചെയ്യേണ്ടതെന്നും ഇതിൽ സഭയേയോ, വിശ്വാസത്തേയോ ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പുതുപ്പള്ളിയില്‍ (Puthuppally Bypoll) വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിട്ട് ആറ് മണി വരെ നീളും. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍, നാലെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.