ഡോക്‌ടര്‍ വന്ദനയ്‌ക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 2ന് വീട്ടുവളപ്പില്‍ - kerala news updates
കോട്ടയം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്‌ടര്‍ വന്ദന ദാസിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ ഉച്ചയ്‌ക്ക് 2 മണിക്കാണ് സംസ്‌കാരം. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മൃതദേഹം കടുത്തുരുത്തിയിലെ സ്വവസതിയില്‍ എത്തിച്ചത്.
രാഷ്‌ട്രീയ നേതാക്കള്‍ അടക്കം നിരവധി പേരാണ് കടുത്തുരുത്തിയിലെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ജോലിക്കിടെ ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വന്ദനയെ 7.25ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ വന്ദനയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തുടര്‍ന്ന് ചികിത്സക്കിടെ 8.25ന് വന്ദന മരിച്ചു.
പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ തിരുവന്തപുരത്ത് ഡോക്‌ടർ വന്ദനയ്ക്ക് അന്തിമോപാരം അർപ്പിച്ചു.