ഡോക്‌ടറെ കുത്തിക്കൊന്ന സംഭവം: പ്രതിഷേധവുമായി ഐഎംഎ; നാളെ രാവിലെ 8 മണി വരെ ഡോക്‌ടർമാരുടെ പണിമുടക്ക് - ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോക്‌ടർ സുൽഫി
തിരുവനന്തപുരം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്‌ടർ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നാളെ രാവിലെ എട്ടുമണിവരെ സംസ്ഥാനത്തെ മുഴുവൻ ഡോക്‌ടർമാരും പണിമുടക്കും. അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങളാകും നിർത്തിവയ്ക്കുക.
തുടർ പ്രതിഷേധങ്ങൾ എങ്ങനെ വേണമെന്ന് ആക്ഷൻ കൗൺസിൽ ചേർന്ന് തീരുമാനിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോക്‌ടർ സുൽഫി പറഞ്ഞു. 'നിരന്തരം ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ് എന്നും എന്നാൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് വേഗത്തിൽ നടപടികൾ സ്വീകരിക്കാതിരുന്നത് പ്രശ്‌നം രൂക്ഷമാക്കി. ഇതിനാലാണ് ഒരു ഡോക്‌ടറുടെ ജീവൻ തന്നെ നഷ്‌ടപ്പെടുന്ന സ്ഥിതി ഉണ്ടായത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടട്ടെ എന്ന് ചിന്താഗതി സമൂഹത്തിലുണ്ട്. ഇത് മാറണം.
ഇത്തരത്തിൽ മുന്നോട്ടുപോയാൽ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യാൻ കഴിയില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സംഭവത്തിൽ വീഴ്‌ച വ്യക്തമാണ്. അക്രമസ്വഭാവം കാണിക്കുന്നയാളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിച്ചില്ല. ഇതാണ് ഇത്തരത്തിൽ ഒരു ധാരണ സംഭവത്തിൽ എത്തിയത്. ഇതിൽ ശക്തമായി പ്രതിഷേധിക്കുക തന്നെ ചെയ്യും', ഐഎംഎ വ്യക്തമാക്കി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലര മണിക്കാണ് അധ്യാപകനായ സന്ദീപ് വനിത ഡോക്‌ടർ ഡോ. വന്ദന ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഡോക്‌ടറെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് യുവാവ് അക്രമം നടത്തിയത്. ഡോക്‌ടർക്ക് നെഞ്ചിലും കഴുത്തിലുമടക്കം അഞ്ചിലധികം തവണ കുത്തേറ്റിരുന്നു.
TAGGED:
ഡോക്‌ടറെ കുത്തിക്കൊന്ന സംഭവം