റോഡ് ഷോയിൽ 500 രൂപ നോട്ടുകൾ എറിഞ്ഞ് ഡി കെ ശിവകുമാർ ; വിവാദമായി വീഡിയോ - ഡി കെ ശിവകുമാർ വിവാദ വീഡിയോ
മാണ്ഡ്യ : നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കാനിരിക്കെ കർണാടക കോൺഗ്രസിൽ പുതിയ വിവാദം. കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രജാധ്വനി യാത്രയ്ക്കിടെ കലാകാരന്മാർക്ക് നേരെ 500 രൂപ നോട്ടുകൾ എറിഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ചൊവ്വാഴ്‌ച പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിയ പരിപാടിയുടെ ഭാഗമായി മാണ്ഡ്യ ജില്ലയിലെ ബേവിനഹള്ളിയിലെ സ്വീകരണത്തിലാണ് സംഭവം നടന്നത്.
ശ്രീരംഗപട്ടണം നിയമസഭ മണ്ഡലത്തിൽ നടന്ന പ്രജാധ്വനി യാത്ര മുൻ എംഎൽഎ ബന്ദിസിദ്ദെ ഗൗഡയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. നിരവധി കോൺഗ്രസ് അനുയായികൾ യാത്രയിൽ പങ്കെടുത്തിരുന്നു. അതിനിടെ റോഡ് ഷോയിൽ പങ്കെടുത്ത നാടൻ കലാകാരന്മാർക്ക് നേരെ പ്രചാരണ ബസിന് മുകളിൽ നിന്നിരുന്ന ഡി കെ ശിവകുമാർ 500 രൂപയുടെ കറൻസികൾ എറിയുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുന്തിരികൾ കോർത്ത കൂറ്റൻ ഹാരം ക്രെയിൻ ഉപയോഗിച്ച് ചാർത്തിയാണ് ശ്രീരംഗപട്ടണത്ത് ഡി കെ ശിവകുമാറിനെ കോൺഗ്രസ് അനുയായികൾ റോഡ് ഷോയ്‌ക്കായി സ്വാഗതം ചെയ്‌തത്.