വിധാന്‍ സൗധയുടെ പടികളിൽ സാഷ്‌ടാംഗം പ്രണമിച്ച് ഡികെ ശിവകുമാർ; വീഡിയോ വൈറല്‍ - സാഷ്‌ടാംഗം പ്രണമിച്ച്
ബെംഗളൂരു : കർണാടക വിധാന്‍ സൗധയുടെ പടികളിൽ സാഷ്‌ടാംഗം പ്രണമിച്ച് ഉപമുഖ്യന്ത്രി ഡികെ ശിവകുമാർ. ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പടിഞ്ഞാറൻ ഗേറ്റിലൂടെ വിധാൻ സൗധയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ആദരസൂചകമായി ഡികെ ശിവകുമാർ പടികളിൽ തൊട്ട് സാഷ്‌ടാംഗം പ്രണമിച്ചത്. ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വിധാൻ സൗധയിലേക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മന്ത്രിമാരും.
കണ്‌ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സിദ്ധരാമയ്യയ്‌ക്കും ഡികെ ശിവകുമാറിനുമൊപ്പം എട്ട് എംഎൽഎമാർ കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ തവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി വർക്കിങ് പ്രസിഡന്‍റ് രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, മുൻ ഉപമുഖ്യമന്ത്രി ഡോ ജി പരമേശ്വർ, മുൻ കേന്ദ്രമന്ത്രി കെഎച്ച് മുനിയപ്പ, കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി പ്രസഡന്‍റ് എം ബി പാട്ടീൽ, മുൻ മന്ത്രി കെജെ ജോർജ്, ജമീർ അഹമ്മദ്, എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റ മന്ത്രിമാര്‍.